അഹമ്മദാബാദ്: സെഞ്ചുറിക്ക് വെറും മൂന്ന് റൺസ് അകലെ വച്ച് ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്ന ശ്രേയസ് അയ്യർ, സെഞ്ചുറി വേണ്ട, റൺസ് മതി എന്ന് തീരുമാനിച്ച് അരയും തലയും മുറുക്കിയിറങ്ങിയ ശശാങ്ക് സിങ്ങ്.. ബൗണ്ടറികളുടെ പൂരപ്പറമ്പാക്കിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സ് ഉയർത്തിയത് 244 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. 42 പന്തുകൾ നേരിട്ട പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒൻപതു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 97 റൺസെടുത്തു പുറത്താകാതെ നിന്നു. 16 പന്തുകളിൽനിന്ന് ശശാങ്ക് സിങ് 44 റൺസെടുത്തു. പഞ്ചാബ് ഓപ്പണർ പ്രിയാൻഷ് ആര്യ 23 പന്തിൽ 47 റൺസെടുത്തു പുറത്തായി.
പഞ്ചാബ് സ്കോർ 28ൽ നിൽക്കെ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങിനെ ആദ്യം നഷ്ടമായി. കഗിസോ റബാദയുടെ പന്തിൽ അർഷദ് ഖാൻ ക്യാച്ചെടുത്താണ് പഞ്ചാബ് ഓപ്പണറെ പുറത്താക്കിയത്. പിന്നീട് പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ കളത്തിലിറങ്ങിയതോടെ കളിയുടെ ഗതിമാറി. പ്രിയാൻഷ് ആര്യയും അയ്യരും ചേർന്ന് പവർപ്ലേ ഓവറുകളിൽ അടിച്ചത് 73 റൺസ്. തൊട്ടുപിന്നാലെ പ്രിയാൻഷിനെ സ്പിന്നർ റാഷിദ് ഖാൻ സായ് സുദർശന്റെ കൈകളിലെത്തിച്ചു.
ഒരു ഭാഗത്തു ശ്രേയസ് അയ്യർ അടിച്ചു തകർക്കുമ്പോഴും മറുഭാഗത്തു തുടർച്ചയായി വിക്കറ്റുകൾ വീണതാണ് മധ്യ ഓവറുകളിൽ പഞ്ചാബിനു തിരിച്ചടിയായത്. സ്കോർ 105ൽ നിൽക്കെ അസ്മത്തുല്ല ഒമർസായിയെയും (15 പന്തിൽ 16), ഗ്ലെൻ മാക്സ്‍വെല്ലിനെയും പുറത്താക്കി സ്പിന്നർ സായ് സുദർശൻ പഞ്ചാബിനെ ഞെട്ടിച്ചു. 20 റൺസെടുത്ത മാർകസ് സ്റ്റോയ്നിസിനെയും സായ് സുദർശൻ വീഴ്ത്തി.
അതേസമയം 27 പന്തുകളിൽ ശ്രേയസ് അർധ സെഞ്ചുറിയിലെത്തി. വൈകാതെ ബാറ്റിങ്ങിലെ ഗിയർ മാറ്റിയ അയ്യർ തുടർച്ചയായി സിക്സറുകൾ പായിച്ചു. പ്രസിദ്ധ് കൃഷ്ണയുടെ 17–ാം ഓവറിൽ മൂന്നു സിക്സറുകളും ഒരു ഫോറുമാണ് അയ്യർ ബൗണ്ടറി കടത്തിയത്. അവസാന 30 പന്തുകളിൽ 87 റൺസാണ് ശ്രേയസ് അയ്യരും ശശാങ്ക് സിങ്ങും ചേർന്ന് അടിച്ചു കൂട്ടിയത്. എന്നാൽ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് ഫോറുകൾ പായിച്ച ശശാങ്ക്, ശ്രേയസിനെ സെഞ്ചുറി തികയ്ക്കാൻ അനുവദിച്ചില്ല. സ്ട്രൈക്ക് ലഭിക്കാതായതോടെ അയ്യർക്ക് 97 ൽ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.
ഗുജറാത്ത് ടൈറ്റൻസ് ഒടുവിൽ വിവരം കിട്ടുമ്പോൾ 14.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിലാണ്.