മൂന്നാർ: ഗൂഗിൾ മാപ്പ് പലപ്പോഴും ചതിക്കാറുണ്ട്, ഇത്തവണ പണി കിട്ടിയത് മൂന്നാറ് വിനോദ സഞ്ചാരത്തിനു പോയവർക്കാണ്. ഗൂഗിൾ മാപ്പിൽ നോക്കി പോയവർക്ക് മൂന്നാറിൽ വഴിതെറ്റി. തുടർന്നു ഇവരുടെ കാർ പള്ളിയുടെ പടിക്കെട്ടിൽ കുടുങ്ങി. കൈവരിയിൽ ഇടിച്ചുനിന്നതിനാൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. അതേസമയം പടിക്കെട്ടിന്റെ പകുതിവരെ കാർ നീങ്ങിയ ശേഷമാണ് സ്റ്റക്കായത്.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനെത്തിയ കോട്ടയം സ്വദേശികളുടെ കാറാണ് മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ പടിക്കെട്ടിൽ കുടുങ്ങിയത്. മൂന്നാർ റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഗൂഗിൾ മാപ്പ് നോക്കി ജിഎച്ച് റോഡിലൂടെ ഓടിച്ചുവന്ന കാർ ബസിലിക്കയിലേക്കുള്ള റോഡിലൂടെ നീങ്ങി പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിലെത്തി. ഈ സ്ഥലത്തു ഇവിടംവരെ മാത്രമേ റോഡുള്ളൂ. ഇതിന് താഴേക്കുള്ള പടിക്കെട്ടാണ്. എന്നാൽ ഇതു ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. കാർ മുന്നോട്ടെടുത്തതോടെ പടിക്കെട്ടിലൂടെ തെന്നി നീങ്ങി കൈവരിയിൽ ഇടിച്ചു നിക്കുകയായിരുന്നു.
അതേസമയം കാറിന്റെ വാതിലുകൾ തുറക്കാൻകഴിയാതെ വന്നതോടെ ചില്ലുകൾതാഴ്ത്തിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്താണ് പള്ളിക്ക് സമീപത്തെത്തിയതെന്ന് യാത്രക്കാർ നാട്ടുകാരോട് പറഞ്ഞു. ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് കാർ വലിച്ചുകയറ്റി.