ദില്ലി: ഇന്ത്യൻ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന നിയമ നിർമ്മാണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) നീക്കം. വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം നിർണായക മാറ്റം വരുത്തിക്കൊണ്ടുള്ള നിർണായക നിയമ നിർമ്മാണത്തിനാണ് ഡി ജി സി എ തയ്യാറെടുക്കുന്നത്. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം സൗജന്യമായി ടിക്കറ്റ് റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാവുന്ന നിലയിലാകും മാറ്റം. റദ്ദാക്കിയ ടിക്കറ്റുകൾക്ക് വേഗം പണം തിരിച്ചു നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് വിവരം. വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡി ജി സി എ വരും ദിവസങ്ങളിൽ പുറത്തുവിടും.
ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനകം സൗജന്യമായി റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാനാകും എന്നത് വിമാനയാത്രക്കാരെ സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാകും. ടിക്കറ്റ് റദ്ദാക്കൽ, മാറ്റം, പണം തിരിച്ചടവ് സംബന്ധിച്ച് പുതിയ നിയമത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുതിയ നിയമം സംബന്ധിച്ച് കരട് ഉടൻ തന്നെ പുറത്തുവിടുമെന്നും നവംബർ 30 വരെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നുമാണ് സൂചന. ഡി ജി സി എയുടെ ഈ നിർണായക നിയമനിർമാണം യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതാകുമെന്നാണ് പ്രതീക്ഷ.
			



































                                






							






