കൊച്ചി: സ്വർണ വിലയിൽ അന്തമില്ലാത്ത കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഇതോടെ 64,000 എത്താൻ 160 രൂപ കൂടിമതി. സ്വർണം ഗ്രാമിന്റെ വിലയാകട്ടെ 35 രൂപ വർധിച്ച് 7,980 രൂപയുമായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വർധനയാണുണ്ടായിരിക്കുന്നത്.
ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് ഇപ്പോഴത്തെ കുതിപ്പിന് പിന്നിൽ. സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.ആഗോള വിപണിയിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔൺസ് സ്വർണത്തിന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 85,384 രൂപയായി. കൂടാതെ രൂപയുടെ മൂല്യമിടിവും സ്വർണ വിലയിൽ പ്രതിഫലിച്ചു. ഡോളറിനെതിരെ 87.92 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം ഇപ്പോൾ.