കൊച്ചി: തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. പവന് 680 രൂപ കൂടി 77,640 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 77,000 എന്ന നിർണായക നാഴികക്കല്ല് ഭേദിച്ചത്. ഗ്രാം വില 85 രൂപ കൂടി 9705 രൂപയായി. ഇതോടെ പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരു പവന് 83,000 രൂപയ്ക്കു മുകളിൽ നൽകേണ്ടി വരും.
അതേസമയം ഓഗസ്റ്റ് 22ന് 73,720 എന്ന വിലയിൽ നിന്നാണ് 10 ദിവസം കൊണ്ട് 3920 രൂപയുടെ വർധനവുണ്ടായി റെക്കോഡിട്ടത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കൂടി 8,030 രൂപയായി. ഗ്രാമിന് 8,000 രൂപ കടന്നത് ഇതാദ്യമായാണ്. ചില ജ്വല്ലറികളിൽ വില 18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 7,970 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വില ചില ജ്വല്ലറികളിൽ ഗ്രാമിന് 2 രൂപ കൂടി 133 രൂപയിലെത്തി. ഒരു വിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 2 രൂപ കൂട്ടി 130 രൂപയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട് ഗോൾഡ് വില ഔൺസിന് 26.63 ഡോളർ വർധിച്ച് 3474.58 ഡോളർ എന്ന നിലയിലാണ്. രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും വിലയുയരാൻ കാരണമായത്.