കൊച്ചി: സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 55 രൂപ കൂടി 8120 രൂപയും പവന് 440 രൂപ കൂടി 64,960 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. അതേസമയം 18 കാരറ്റ് സ്വർണ്ണവില 6680 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്.
സാധാരണ നിലയിൽ നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണ്ണവിലക്കയറ്റമൂണ്ടാകുകയും, മാർച്ച് മാസത്തിൽ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാൽ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം വിലവർധനവ് തുടരുകയാണ്. ട്രമ്പിൻ്റെ വ്യാപാര യുദ്ധവും, താരിഫ് ചുമത്തലും, അതിൽ നിന്നുള്ള ആശങ്കകളും, ഭൗമരാഷ്ട്ര സംഘർഷങ്ങളും സാമ്പത്തിക മാന്ദ്യത്തിനും ഇടയിൽ യുഎസിലെ പണപ്പെരുപ്പ ഡാറ്റയ്ക്ക് ശേഷം സ്വർണ്ണവില ഉയരുകയാണ് ഉണ്ടായത്.
ഈ വർഷം അമേരിക്ക പലിശ നിരക്ക് 2 തവണ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ്ണ വിലയ്ക്ക് ഉത്തേജനം നൽകുന്നു. ജ്വല്ലറി ഡിമാൻഡ് കുറവാണ് എങ്കിലും, ഒരു പക്ഷേ സ്വർണ്ണവില ട്രംപ് ഇഫക്ടിൽ 2955 ഡോളർ മറികടന്നാൽ 2990 ഡോളർ വരെ പോകാം എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.