കൊച്ചി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് ആയുധം ശരിക്കും പിടിച്ചുകുലുക്കുന്നത് ആഭരണ പ്രേമികളേയും വിവാഹങ്ങളേയുമാണ്. കേരളത്തിൽ ഗ്രാമിന് ഇന്ന് 20 രൂപ ഉയർന്ന് വില 8,075 രൂപയും പവന് 160 രൂപ വർധിച്ച് 64,600 രൂപയുമായി. ഈ മാസം 20ന് രേഖപ്പെടുത്തിയ പവന് 64,560 രൂപയും ഗ്രാമിന് 8,070 രൂപയും എന്ന റെക്കോർഡാണ് ഇന്നു തകർന്നു വീണത്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,640 രൂപയായി. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. സമീപകാലത്ത് സ്വർണപ്രേമികളുടെ ഹിറ്റ് ചാർട്ടിൽ 18 കാരറ്റ് സ്വർണവും ഇടംപിടിച്ചുവെങ്കിലും അതിനും വില കുത്തനെ കൂടുകയാണെന്നത് ഉപഭോക്താക്കൾക്ക് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
സഹോദരനെ കൊലപ്പെടുത്തും മുൻപ് ഭക്ഷണം വാങ്ങി നൽകി, തുടക്കം ഉമ്മൂമ്മയെ കൊലപ്പെടുത്തിക്കൊണ്ട്, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയത് മൃഗീയമായി, മുഖം അടിച്ചുതകർത്തനിലയിൽ… അഫാന്റെ ഓൺലൈൻ ബന്ധങ്ങളും അന്വേഷണ പരിധിയിൽ
അതേസമയം രാജ്യാന്തര സ്വർണവിലയും പുതിയ ഉയരത്തിലെത്തി. കഴിഞ്ഞവാരം കുറിച്ച ഔൺസിന് 2,954 ഡോളറിൽ നിന്ന് 2,920 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും ഇന്നലെ 2,956 ഡോളറിലേക്ക് കയറി. ഇതോടൊപ്പം ഡോളർ മെച്ചപ്പെടുകയും രൂപ ഇന്ന് ഡോളറിനെതിരെ 16 പൈസ താഴ്ന്ന് 86.88ൽ വ്യാപാരം ആരംഭിക്കുകയും ചെയ്തതോടെ ഇന്ത്യയിലും വില കുതിക്കുകയായിരുന്നു. രൂപ തളരുമ്പോൾ ഇറക്കുമതിച്ചെലവ് കൂടുകയും അത് സ്വർണവിലയിൽ പ്രതിഫലിക്കുകയും ചെയ്യും.
ട്രംപിന്റെ ബിസിനസ് നയങ്ങൾ, ഗവൺമെന്റിന്റെ ചെലവ് വെട്ടിക്കുറയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം എന്നിവ മൂലം കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) താഴുന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്. ബോണ്ടിൽ നിക്ഷേപമിട്ടാൽ മെച്ചപ്പെട്ട ലാഭം കിട്ടില്ലെന്നതിനാൽ സ്വർണത്തിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ. അതാണ്, ഗോൾഡ് ഇടിഎഫിനു നേട്ടമാകുന്നത്. ഓഹരി, കടപ്പത്ര നിക്ഷേപസാഹചര്യം അനുകൂലമാകും വരെ സ്വർണനിക്ഷേപ പദ്ധതികളിലേക്കാകും കൂടുതൽ പണമെത്തുക.