ന്യൂഡൽഹി: യുഎസ് എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിന് പിന്നാലെ ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജർമനിനും. ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ ആണ് ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതംചെയ്ത് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചൈനയും ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു ചൈനയുടെ കെ വിസ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്നിരിക്കെയാണ് ജർമനിയും പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഡോ. ഫിലിപ്പ് അക്കേർമാൻ ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിച്ചത്. സ്ഥിരതയാർന്ന കുടിയേറ്റ നയങ്ങൾകൊണ്ടും ഐടി, മാനേജ്‌മെന്റ്, സയൻസ്, ടെക് മേഖലകളിൽ ഇന്ത്യക്കാർക്കുള്ള തൊഴിലവസരങ്ങൾ കൊണ്ടും ജർമനി വേറിട്ടുനിൽക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേർമാൻ എക്‌സിൽ ഷെയർ ചെയ്ത വീഡിയോസന്ദേശത്തിൽ പറഞ്ഞു.
ഡോ. ഫിലിപ്പ് അക്കേർമാൻറെ വാക്കുകൾ ഇങ്ങനെ-
”ജർമനിയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല നിമിഷമാണിത്. ജർമനിയിൽ ഏറ്റവുംകൂടുതൽ സമ്പാദിക്കുന്നവരിൽ ഇന്ത്യക്കാരുമുണ്ട്. ജർമനിയിൽ ജോലിചെയ്യുന്ന ശരാശരി ഇന്ത്യക്കാരൻ ശരാശരി ജർമൻ തൊഴിലാളിയെക്കാൾ കൂടുതൽ വരുമാനം നേടുന്നു. നമ്മുടെ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാർ വലിയ സംഭാവന നൽകുന്നു എന്നതാണ് ഈ ഉയർന്ന ശമ്പളം വാങ്ങുന്നതിന്റെ അർഥം. ഞങ്ങൾ കഠിനാധ്വാനത്തിലും മികച്ച ആളുകൾക്ക് മികച്ച ജോലികൾ നൽകുന്നതിലും വിശ്വസിക്കുന്നു.
ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജർമൻ കാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അത് വിശ്വസനീയവും ആധുനികവുമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു നേർരേഖയിൽ പോകും. ഉയർന്ന വേഗത്തിൽ പോകുമ്പോൾ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഒരുരാത്രികൊണ്ട് ഞങ്ങൾ ഞങ്ങളുടെ നിയമങ്ങൾ മാറ്റില്ല. ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങൾ ജർമനിയിലേക്ക് സ്വാഗതംചെയ്യുന്നു”,
അതേസമയം ദിവസങ്ങൾക്ക് മുൻപാണ് എച്ച്1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി അമേരിക്ക ഉയർത്തിയത്. ഇതോടെ വിദേശങ്ങളിൽനിന്നുള്ള ജീവനക്കാരെ നിയമിക്കാൻ യുഎസ് കമ്പനികൾ ഭീമമായ തുകയാണ് സർക്കാരിലേക്ക് അടയ്‌ക്കേണ്ടിവരുന്നത്. വിദേശരാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിൽനിന്ന് കമ്പനികൾ പിൻവാങ്ങാനും ഇത് കാരണമാകും. നിലവിൽ യുഎസിലെ എച്ച്1 ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. യുഎസിലെ വൻകിട ടെക് കമ്പനികളിൽ ജോലിതേടുന്ന ഇന്ത്യക്കാരായ ടെക്കികളെയാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
അതേസമയം ലോക രാജ്യങ്ങൾ തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കുന്ന സമയത്താണ് അമേരിക്കയുടെ എച്ച്-1ബിയുടെ ‘ചൈനീസ് പതിപ്പ്’ എന്ന് നിരീക്ഷകർ വിശേഷിപ്പിക്കുന്ന കെ വിസ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ എച്ച്-1ബി അപേക്ഷകൾക്ക് അമേരിക്ക 100,000 യുഎസ് ഡോളർ വാർഷിക ഫീസ് പ്രഖ്യാപിച്ചത് ഇന്ത്യൻ ടെക്, ഐടി കമ്പനികൾക്കും പ്രൊഫഷണലുകൾക്കുമിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനത്തിലുള്ള ആശങ്ക മുതലാക്കി ചൈന വിസ റൂട്ട് ലളിതമാക്കി. വിദേശ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനുള്ള ഒരു തന്ത്രപരമായ നടപടിയായാണ് ഇതിനെ കണക്കാക്കുന്നത്.