കാഠ്മണ്ഡു: സാമൂഹിക മാധ്യമ നിരോധനം പിൻവലിച്ചിട്ടും ആളിക്കത്തി നേപ്പാൾ പ്രക്ഷോഭം. മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ മരിച്ചത് 19 പേർ.
ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടർന്നതിന് പിന്നാലെയാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയത്. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു.
അതേ സമയം, സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

















































