കാൻസസ്: അബദ്ധത്തിൽ വസ്ത്രത്തില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുകാരിയോട് കൊടുംക്രൂരത. മൈനസ് ഡിഗ്രി തണുപ്പുള്ള ദിവസം കുട്ടിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്ത് നിർത്തി പിതാവും കാമുകിയും. അമേരിക്കയിലെ കാൻസസിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ പിതാവ് ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിസംബർ ഏഴിന് കുട്ടിയെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്.
അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്തെ പോർച്ചിലാണ് കുട്ടിയെ നിർത്തിയത്. കുടുംബം ക്രിസ്മസ് ട്രീ ഒരുക്കുമ്പോൾ തനിക്ക് അതിന് യോഗ്യതയില്ലെന്ന് പിതാവ് പറഞ്ഞുവെന്നും തടികൊണ്ടുള്ള തവി ഉപയോഗിച്ച് തന്നെ മർദ്ദിച്ചതായും പിതാവിന്റെ വീട്ടിൽ ക്രിസ്മസ് ട്രീ അലങ്കരിക്കുമ്പോൾ പങ്കുചേരാൻ അനുവദിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവദിവസം പുറത്തെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയായിരുന്നു. ഏകദേശം 50 മിനിറ്റോളം കുട്ടിയെ തണുപ്പിൽ നിർത്തിയതായാണ് കുട്ടിയുടെ സഹോദരൻ നൽകിയ മൊഴി. കൂടാതെ ശിക്ഷയുടെ ഭാഗമായി ബാത്ത് ടബ്ബിൽ ഇരുത്തി കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികൾ നിലവിൽ ജാമ്യത്തിലാണ്.
















































