ജറുസലം: ഗാസ യുദ്ധത്തിനിടെ അറസ്റ്റ് ചെയ്ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവായിരുന്ന അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമി അറസ്റ്റിൽ. വീഡിയോ ചോർത്തിയതായി സമ്മതിച്ച യെരുഷൽമി നേരത്തെ രാജിവച്ചിരുന്നു. പിന്നാലെ ഇവരെ കാണാതായതോടെ വ്യാപക അന്വേഷണമാണ് നടന്നത്. കടൽത്തീരത്ത് കാറും കുടുംബത്തിനുള്ള സന്ദേശവും കണ്ടെത്തിയതോടെ ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയം ഉയർന്നിരുന്നു. പിന്നീട് ഡ്രോണുകൾ അടക്കം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് യെരുഷൽമിയെ കണ്ടെത്തിയത്.
അതേസമയം വീഡിയോ ചോർന്നതിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു രാജി. വീഡിയോ ചോർത്തുന്നതിന് 2024 ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നതായി തോമർ യെരുഷൽമി സമ്മതിച്ചിരുന്നു. വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അഞ്ച് സൈനികർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ രണ്ടു സൈനിക കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറുകയും ചെയ്തു.
ഇതിനിടെ നിയമ വകുപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീഡിയോ പുറത്തുവിട്ടതെന്ന് തോമർ യെരുഷൽമി പ്രതികരിച്ചു. സൈനികരുടെ തെറ്റായ നടപടികളുടെ പേരിൽ തന്റെ വകുപ്പ് അപവാദ പ്രചാരണങ്ങൾക്ക് വിധേയമായെന്നും അവർ പറഞ്ഞു. സർക്കാർ പ്രതിനിധികൾ യെരുഷൽമിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ ഇസ്രയേൽ സൈനികർക്കെതിരെ കുറ്റങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആരും സൈന്യത്തിന്റെ ഭാഗമാകാൻ യോഗ്യരല്ലെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം.


















































