ന്യൂഡൽഹി: പിതാവിനോടുള്ള വൈരാഗ്യത്തിൽ ഡൽഹിയിലെ നരേല മേഖലയിൽ അഞ്ചുവയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. മരണപ്പെട്ട കുട്ടിയുടെ അച്ഛന്റെ ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവറായ നിതുവാണ് ക്രൂരതയ്ക്ക് പിന്നിൽ. കുട്ടിയുടെ പിതാവിന്റെ ട്രാൻസ്‌പോർട്ട് സ്ഥാപനത്തിനു സ്വന്തമായി എട്ടു വാഹനങ്ങളാണുള്ളത്.
തിങ്കളാഴ്ച വൈകിട്ട് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ നിതു കമ്പനിയിലെ മറ്റൊരു ഡ്രൈവറായ വസീമിനെ മർദിച്ചു. അപമര്യാദയായി പെരുമാറിയതിന് നിതുവിനെ കമ്പനി ഉടമയായ കുട്ടിയുടെ പിതാവ് മർദിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ നിതു വാടകവീട്ടിലേക്ക് തട്ടികൊണ്ടുപോവുകയും കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
നിതുവിന്റെ വാടകവീട്ടിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്കു ശേഷം പ്രതി ഒളിവിലാണെന്നും ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ‘‘കുട്ടിയെ തട്ടിക്കൊണ്ടുപോയതായി നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് 3.30 നാണ് ഫോൺ കോൾ ലഭിക്കുന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടെന്ന് കാണാതായി എന്നായിരുന്നു പറഞ്ഞത്. പ്രതിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.’’ – ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ഔട്ടർ നോർത്ത്) ഹരേശ്വർ സ്വാമി പറഞ്ഞു.
അതേസമയം കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നിതുവിന്റെ വാടകവീട്ടിൽ അഞ്ചുവയസുകാരനെ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതുവിനെ കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.