ന്യൂഡൽഹി: കേരളത്തിൽ ഇനി യുഡിഎഫിന് മൂന്നാമതും ഭരണം നഷ്ടപ്പെടാൻ പാടില്ലെന്നും അതിനനുസരിച്ച് ഉയർന്നുനിൽക്കാൻ പാർട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രതികരണം.
കേരളത്തിൽ നേതാക്കൾക്കിടയിൽ മറ്റേത് കാലത്തേക്കാളും ഐക്യമുണ്ടിപ്പോൾ. എന്നാൽ ഒരു യുദ്ധഭൂമിയിലേക്ക് പോകുമ്പോൾ കൂടുതൽ ഐക്യമുണ്ടാകണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ആദ്യം 72 സീറ്റ് കിട്ടട്ടെ, മുഖ്യമന്ത്രി ചർച്ചകൾ എന്നിട്ട് മതി. ഭൂരിപക്ഷത്തിന്റെ ലക്ഷ്മണ രേഖ കടക്കട്ടെ, അതുവരെ ആത്മസംയമനത്തോടെ മുന്നോട്ട് പോകാൻ സാധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോൺഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തിൽ മുന്നോട്ട് പോവുകയെന്നത് ഇപ്പോഴുള്ള യോഗത്തിന്റെ അജണ്ട. ഡൽഹിയിൽ നിന്നും നല്ല തീരുമാനങ്ങൾ ഉണ്ടാവട്ടെയെന്നത് എന്നുതന്നെയാണ് ആഗ്രഹം. കേരളത്തിലെ കോൺഗ്രസിന്റെ എല്ലാ വികാരവും അറിയുന്ന നേതൃത്വമാണ് ഈ യോഗം വിളിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അത്യൂജ്വലമായ ഊർജ്ജം ഉണ്ടാവണം. മൂന്നാമതും ഭരണം നഷ്ടപ്പെടാൻ പാടില്ല. അതാണ് ജനത്തിന്റെ പൊതുവികാരം. അതിനനുസരിച്ച് ഉയർന്നുനിൽക്കാൻ പാർട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന നേതാവ് നേതൃത്വത്തിലേക്ക് വരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു. മുല്ലപ്പള്ളിക്ക് അഭിപ്രായം പറയാനുള്ള അധികാരം ഉണ്ട്.















































