ദുബായ്: തലോടിയ കൈകൾക്കൊണ്ടുതന്നെ തല്ലി ഒരു വല്ലാത്ത സ്നേഹപ്രകടനമായിരുന്നു ഇന്ന് രവീന്ദ്ര ജഡേജയുടേത്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ സ്നേഹപ്രകടനം. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’. ജഡേജ തമാശരൂപേണ ചെയ്തതാണെങ്കിലും സ്ട്രൈക്കിലുണ്ടായിരുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് അത്രകണ്ട് പിടിച്ചില്ല. തന്റെ അതൃപ്തി സ്മിത്ത് അമ്പയറുടെ മുന്നിൽ പ്രകടമാക്കുകയും ചെയ്തു.
രവീന്ദ്ര ജഡേജ എറിഞ്ഞ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 21–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ ആദ്യ പന്തിൽ സ്മിത്തിന് റൺ നേടാനായില്ല. രണ്ടാം പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുള്ള ലബുഷെയ്നു നേരെയാണ് സ്മിത്ത് അടിച്ചത്. പന്തു തടയാനായി ലബുഷെയ്ന്റെ അടുത്തേക്കെത്തിയ ജഡേജ പന്ത് കാലുകൊണ്ട് തടുത്തെങ്കിലും അത് തട്ടിത്തെറിച്ച് മിഡ് വിക്കറ്റിലേക്ക് പോയി.
ഈ സമയത്ത് ലബുഷെയ്നുമായി കൂട്ടിയിടിച്ച ജഡേജ, തമാശരൂപേണ താരത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. തട്ടിത്തെറിച്ച പന്തിൽ സിംഗിളിനുള്ള സാധ്യത തേടി ലബുഷെയ്ൻ ക്രീസ് വിടാൻ ശ്രമിക്കുമ്പോഴായിരുന്നു ജഡേജയുടെ പിടുത്തം. അൽപനേരം പിടിച്ചുവച്ച ശേഷം ജഡേജ പിടിവിട്ട് അടുത്ത പന്ത് എറിയാനായി പോവുകയും ചെയ്തു. ഇതോടെ ഓസ്ട്രേലിയക്കു നഷ്ടം ഒരു റൺസ്.
ജഡേജയുടെ ഈ പ്രവർത്തി മാർനസ് ലബുഷെയ്ന് ഇത് അത്ര പ്രശ്നമായില്ലെങ്കിലും ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അംപയറിനു നേരെ നോക്കി തന്റെ അതൃപ്തി പരസ്യമാക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത സ്മിത്ത് – ലബുഷെയ്ൻ കൂട്ടുകെട്ട് ഒടുവിൽ പൊളിച്ചതും കെട്ടിപ്പിച്ച് സ്നേഹപ്രകടനം നടത്തിയ അതേ ജഡേജ തന്നെ. സ്കോർ 110ൽ നിൽക്കെ 29 റൺസെടുത്ത ലബുഷെയ്നെ ജഡേജ എൽബിയിൽ കുരുക്കുകയായിരുന്നു.
Jadeja not letting labuschagne take the run 😂 and Steve Smith is not happy about it. pic.twitter.com/5IF0chgVmU
— Radha (@Rkc1511165) March 4, 2025