തെന്നിന്ത്യൻ മുൻ നിര താരം വിശാൽ നായകനാവുന്ന 35ാ- മത്തെ സിനിമയുടെ പേര് അണിയറക്കാർ പ്രഖ്യാപിച്ചു. ‘മകുടം’ എന്നാണ് പുതിയ വിശാൽ ചിത്രത്തിൻ്റെ പേര്. ഇതൊരു ‘പവർ പാക്ക്ഡ് ആക്ഷൻ’ ചിത്രമാണെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ടൈറ്റിൽ ടീസർ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ കൊണ്ട് തന്നെ അത് ഒന്നര ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് മുന്നേറ്റം തുടരുന്നു എന്നത് ശ്രദ്ധേയമാണ്.
അതേസമയം ‘മകുട’ ത്തിൻ്റെ 45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ തുടങ്ങി ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-ാമത്തെ സിനിമയാണിത്. തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി.
തമിഴ് – തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം റിച്ചാർഡ് എം നാഥൻ, പിആർഒ- സി.കെ.അജയ് കുമാർ.