പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് ദയനീയ തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ തെറ്റുചെയ്തിട്ടില്ല, തന്നിൽ വിശ്വാസമുണ്ടേൽ വിജയിപ്പിച്ചാൽമതിയെന്നായിരുന്നു ഫെനി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.
അതേസമയം പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിൻറെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. ഇതിനിടെ രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. 25 വർഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന എഴുമറ്റൂർ പഞ്ചായത്ത് വാർഡ് രണ്ടിൽ ബിജെപി ജയിച്ചു. ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി കെ ബിന്ദുവാണ് വിജയിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ യുഡിഎഫാണ് മുന്നേറുന്നത്.


















































