ചിത്രദുർഗ: മകളെ വിവാഹം ചെയ്ത യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട പിതാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഗിലികെനഹള്ളിയിലെ കർഷകനായ അജ്ജയ്യ (54) ഞായറാഴ്ച ഹൊലാൽകെരെ പൊലീസ് സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച ഇയാളെ പൊലീസ് ചിത്രദുർഗ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഇദ്ദേഹം മരിച്ചു.
അജ്ജയ്യയുടെ ഭാര്യ പുഷ്പ പൊലീസ് സ്റ്റേഷനിലെത്തി മകള്‍ സഞ്ജനയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം മകൾ സഞ്ജനയ്ക്ക് 19 വയസാണ്. മിസ്സിങ് കേസിന് പിന്നാലെ സഞ്ജനയും ഒരു യുവാവും പൊലീസ് സ്റ്റേഷനില്‍ എത്തി. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും വിവാഹം കഴിച്ചെന്നും അറിയിച്ചു. തുടര്‍ന്ന് പൊലീസ് മിസ്സിങ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു. എന്നാല്‍ മകൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നായിരുന്നു അജ്ജയ്യയുടെ വാദം. ഇത് തെളിയിക്കുന്നതിനായി ഇയാൾ ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. തുടര്‍ന്നാണ് അജ്ജയ്യ ആത്മഹത്യ ചെയ്തത്.
അജ്ജയ്യയുടെ ആത്മഹത്യയില്‍ രോഷാകുലരായ ഗ്രാമവാസികളും കുടുംബാംഗങ്ങളും മൃതദേഹം പൊലീസ് സ്റ്റേഷന് സമീപം വച്ച് പ്രതിഷേധിച്ചു. ജനക്കൂട്ടം ഡിവൈഎസ്പിയെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.