കൽപ്പറ്റ: കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ പോലീസുകാരെ കബളിപ്പിച്ച് കൈവിലങ്ങുമായി മുങ്ങിയ പ്രതികളായ അച്ഛനും മകനും വയനാട് മേപ്പാടിയിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ അയൂബ് ഖാൻ(62) മകൻ നെടുമങ്ങാട് വാളിക്കോട് റംസി മൻസിലിൽ സെയ്തവി (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം പാലോട് മേഖലയിലെ കവർച്ചയുമായി ബന്ധപ്പെട്ട് വയനാട് ബത്തേരിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കൊണ്ടുപോകുന്നതിനിടെ ഞായറാഴ്ച പുലർച്ചെ നാലിന് കടയ്ക്കൽ–അഞ്ചൽ റോഡിലെ ചുണ്ട ചെറുകുളത്തിനു സമീപം വച്ചാണ് ഇവർ രക്ഷപ്പെട്ടത്. ഇരുവരേയും കൈവിലങ്ങു വച്ചിരുന്നു. ചുണ്ട ചെറുകുളത്തിനു സമീപമെത്തിയപ്പോഴേക്കും മൂത്രമൊഴിക്കാൻ കൈവിലങ്ങ് അഴിച്ചുതരുമോയെന്ന് പോലീസിനോട് ചോദിക്കുകയായിരുന്നു. വിലങ്ങ് അഴിച്ച് കാര്യം സാധിക്കാനായി മാറിയ അപ്പനും മകനും അവിടെനിന്ന് മുങ്ങുകയായിരുന്നു.
പാലോട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ബത്തേരിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. അയൂബ് ഖാന്റെ കൈവിലങ്ങ് അഴിച്ചതിനു തൊട്ടുപിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ, ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലെ പോലീസും പ്രദേശത്തെ നാട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പ്രതികളെ തേടി കോട്ടക്കൽ ജില്ലാ കൃഷി ഫാമിൽ ഡ്രോൺ ഉപയോഗിച്ചും പോലീസ് നായ്ക്കളെ രംഗത്തിറക്കിയും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ വയനാട് മേപ്പാടിയിലുള്ള ഒരു വാടകവീട്ടിൽ ഇരുവരും ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പോലീസ് ചൊവ്വാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കൊട്ടാരക്കര ഷാഡോ പോലീസാണ് ഇതുമായി ബന്ധപ്പെട്ട രഹസ്യ വിവരം മേപ്പാടി പോലീസിനെ അറിയിച്ചത്. ഇതിനിടെ കൊല്ലത്തുനിന്ന് രക്ഷപ്പെട്ടതിനു ശേഷം ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചാടിപ്പോയതിനു ശേഷമുള്ള ഈ ദൃശ്യങ്ങളിൽ കൈവിലങ്ങ് മാറ്റിയതായും വസ്ത്രങ്ങൾ മാറിയതായും കണ്ടെത്തി. അതേസമയം വയനാട്ടിൽ എത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് ഇവരെ ചോദ്യം ചെയ്താൽ മാത്രമേ അറിയാനാകൂ. പാലോട് പോലീസ് മേപ്പാടിയിലെത്തിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കും
അതേസമയം ക്ഷേത്രങ്ങളും പള്ളികളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു അയൂബ് ഖാനും സെയ്തലവിയും പ്രധാനമായും മോഷണം നടത്തിവന്നത്. പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച കാർ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാലോട് ടൗണിലെ ആദം മെഡിക്കൽസ്, സമീപത്തെ ജനസേവന കേന്ദ്രം, ഐസ്ക്രീം പാർലർ, പ്ലാവറ തടിമില്ലിനു സമീപത്തെ വിനയകുമാറിന്റെ സ്റ്റേഷനറി കട എന്നിവിടങ്ങളിൽ പ്രതികൾ പൂട്ട് പൊളിച്ച് മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ പാലോട് സെന്റ് മേരീസ് ചർച്ചിലെ കാണിക്കവഞ്ചി കുത്തി തുറന്നും പണം കവർന്നിരുന്നു. പാലോട് പരുത്തിവിളയിൽ ആരിഫ ബീവിയുടെ ചായക്കട കുത്തി തുറന്ന് പാചക വാതക സിലിണ്ടർ മോഷണം നടത്തിയതും കുടലനാട്ട് ക്ഷേത്രത്തിന്റെ ഓഫിസിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയതും ഇവരാണെന്നു പോലീസ് പറഞ്ഞു.