തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയർന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്ട്രേലിയയിലേക്കാണു പറക്കുക.
വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചിരുന്നു.
കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലിൽ നിന്നു പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിർത്തിയിട്ടത്. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നൽകേണ്ടി വരും. ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടക എയർ ഇന്ത്യയ്ക്കും നൽകും.