ന്യൂഡൽഹി: നെഞ്ചിൽ അലിവുള്ള ഒരാൾക്കും അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ല 2025 ഏപ്രിൽ 22. നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹൽഗാം ഭീകരാക്രമണം. 14 ദിവസത്തിനു ശേഷം ഇന്ത്യ മറുപടി പറഞ്ഞുതുടങ്ങി. തന്റെ അമ്മയുടെ നെറുകയിലെ സിന്ദൂരം മായിച്ചതിനുള്ള മറുപടിയാണിത് എന്നായിരുന്നു പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിയിടെ പ്രതികരിച്ചു.
ആരതിയുടെ കൺമുന്നിൽ വച്ചാണ് ഭീകരർ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.
ഏപ്രിൽ 22 നാണ് കശ്മീരിലെ പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേെര വധിച്ചത്. പുൽവാമയ്ക്ക് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ ( ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്നു പുലർച്ചെ പാക്ക് അധിനിവേശ കശ്മീരിലേത് അടക്കം പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ സ്ഥലങ്ങളുടെ പേരുകൾ സൈന്യം ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അതേസമയം പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് നമ്മൾ ആക്രമണം നടത്തിയിട്ടില്ലെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും അതു നടപ്പാക്കുന്നതിലും സംയമനത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.
ബഹാവൽപുർ, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ സൈന്യത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡിജി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ.