ലഹോർ: അഫ്ഗാനിസ്ഥാനെതിരായ കളിയിൽ എട്ടു റൺസ് തോൽവിയോടെ ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ, ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന് ഇന്ത്യൻ ആരാധകരുടെ വക ട്രോൾമഴ. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപായി നടന്ന ഏകദിന പരമ്പരയിൽ 3–0ന് ഇന്ത്യ 3-0ന് പരമ്പര തൂത്തുവാരിയതിനു പിന്നാലെ, ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുമെന്ന തരത്തിൽ ഡക്കറ്റ് നടത്തിയ പരാമർശമാണ് ഇപ്പോൾ വിനയായിരിക്കുന്നത്. ‘അഫ്ഗാനിസ്ഥാനെതിരായ മത്സരം ജയിച്ച ശേഷം നമുക്ക് ഇന്ത്യയ്‌ക്കെതിരായ സെമിയെക്കുറിച്ചും ഫൈനലിനെക്കുറിച്ചും ആലോചിക്കാം’ എന്ന്, മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ബെൻ ഡക്കറ്റിന് മറുപടിയുമായി എത്തിയത് രംഗം കൊഴുപ്പിച്ചു.
കഴിഞ്ഞ ഏകദിന പരമ്പര 3–0ന് നഷ്ടമാകുന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്, ആഴ്ചകൾക്കു മുൻപ് ബെൻ ഡക്കറ്റ് ചാംപ്യൻസ് ട്രോഫി ഫൈനൽ പരാമർശം നടത്തിയത്. ‘‘ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3–0ന് നഷ്ടപ്പെട്ടാലും, അവരെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ തോൽപ്പിക്കുന്നിടത്തോളം കാലം ഞാനത് വിഷയമാക്കുന്നില്ല’ എന്നായിരുന്നു ഡക്കറ്റിന്റെ പ്രസ്താവന. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഈ തോൽവി ആരും ഓർക്കില്ലെന്നും ഡക്കറ്റ് അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ, ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽനിന്ന് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ പുറത്താകലിലേക്കു നയിച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരം നടക്കുന്നതിനിടെ തന്നെ ഡക്കറ്റിനെ ‘ട്രോളി’ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തുകയായിരുന്നു.
‘ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായാലും കുഴപ്പമില്ല എന്ന്, ബെൻ ഡക്കറ്റ് ഇക്കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ചാംപ്യൻസ് ട്രോഫി സെമിയിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സത്യത്തിൽ ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇംഗ്ലണ്ട് ബുദ്ധിമുട്ടും എന്നതാണ് അവസ്ഥ. സെമിയെക്കുറിച്ചൊക്കെ നമുക്ക് അതുകഴിഞ്ഞ് ചർച്ച ചെയ്യാം’ – ആകാശ് ചോപ്ര കുറിച്ചു.
കഴിഞ്ഞ മത്സരത്തിൽ അഫ്ഗാൻ പോരാട്ട വീര്യത്തിനു മുന്നിൽ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ പതറി വീഴാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി യുവതാരം ഇബ്രാഹിം സദ്രാൻ (146 പന്തിൽ 177) മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ കുറിച്ചത് 8 റൺസിന്റെ ആവേശ ജയം.
ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ, സദ്രാന്റെ സെഞ്ചറിക്കരുത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ചാംപ്യൻസ് ട്രോഫിയിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ടിന്റെ (111 പന്തിൽ 120) സെഞ്ചറിയുടെ ബലത്തിൽ ഇംഗ്ലണ്ട് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 9 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു. കഴിഞ്ഞ ജയത്തോടെ തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷ സജീവമാക്കി നിലനിർത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചു. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപിച്ചാൽ അഫ്ഗാനിസ്ഥാന് സെമി ബെർത്ത് ഉറപ്പിക്കാം.