ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ജമ്മു കശ്മീർ എംപി എഞ്ചിനീയർ റാഷിദ് ട്രാൻസ്ജെന്റേഴ്സിന്റെ ആക്രമണത്തിനിരയായതായി ഇന്ത്യ ടുഡേ റിപ്പോർട്ട്. തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാർട്ടി (എഐപി) വക്താവ് പറഞ്ഞു. കശ്മീരി തടവുകാരുടെ സെല്ലുകളിൽ മനപ്പൂർവ്വം ട്രാൻസ്ജെൻഡറുകളെ പാർപ്പിച്ചുകൊണ്ട് തിഹാർ ജയിലധികൃതർ അക്രമത്തിന് വഴിയൊരുക്കുന്നുവെന്ന് എഐപി ആരോപിച്ചു. അത്ഭുതകരമായിട്ടാണ് റാഷിദ് രക്ഷപ്പെട്ടതെന്നും എഐപി പറഞ്ഞു.
അതേസമയം എച്ച്ഐവി ബാധിതരായ ട്രാൻസ്ജെൻഡേഴ്സാണ് എംപിയെ ആക്രമിച്ചത്. മനപ്പൂർവ്വം കശ്മീരി തടവുകാർക്കൊപ്പം ഇവരെ പാർപ്പിച്ചിരിക്കുകയാണ്. തിഹാർ ജയിലിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി കശ്മീരികളെ ആസൂത്രിതമായി ലക്ഷ്യം വെച്ചുകൊണ്ടിരിക്കുകയാണെന്നും റാഷിദ് തന്റെ അഭിഭാഷകരോടായി പറഞ്ഞതായി എഐപി ആരോപിച്ചു. ഈ വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എഐപി ആവശ്യപ്പെട്ടു.
എന്നാൽ സംഭവത്തിന് പിന്നിൽ കൊലപാതക ഗൂഢാലോചനാ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എംപിക്ക് നിസാര പരിക്കേ ഉള്ളൂ എന്നും ജയിൽ അധികൃതർ വ്യക്തമാക്കുന്നു. മൂന്ന് ട്രാൻസ്ജെൻഡർ തടവുകാർക്കൊപ്പം മൂന്നാം ജയിലിലാണ് റാഷിദിനെ പാർപ്പിച്ചിരിക്കുന്നത്. ഭീകരവാദ ധനസഹായക്കേസുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയർ റാഷിദ് എംപിയെ തിഹാർ ജയിലിലടച്ചിരിക്കുന്നത്. 2019 മുതൽ റാഷിദ് ജയിലിൽ കഴിയുകയാണ്.
അതേസമയം അവാമി ഇത്തിഹാദ് പാർട്ടിയുടെ സ്ഥാപകനാ റാഷിദ് കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബരാമുള്ള നിയോജക മണ്ഡലത്തിൽ നിന്ന് ഒമർ അബ്ദുള്ളയേയും സജ്ജാദ് ഗാനി ലോണിനെയും പരാജയപ്പെടുത്തിയാണ് ലോക്സഭയിൽ എത്തിയത്. 2,04,142 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു റാഷിദിന് ലഭിച്ചത്. ഈ വർഷത്തെ മൺസൂൺ, ബജറ്റ് സമ്മേളന സമയത്ത് റാഷിദിന് കസ്റ്റഡി പരോൾ ലഭിക്കുകയും ചെയ്തിരുന്നു.