ദുബായ്: ലോകത്തിൽ ഏറ്റവം വലിയ എയർലൈൻ കമ്പനികളിൽ ഒന്നായ എമിറേറ്റ്സും എയർപോർട്ട് ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് വൻ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് 17,300 പേർക്ക് ജോലി നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരാണ് എമിറേറ്റ്സ് ഗ്രൂപ്പിലുള്ളത്.
കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലായിരിക്കും എമിറേറ്റ്സ് നിയമനം നൽകുക.കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കായി ഡനാറ്റ 4,000 പേർക്കും നിയമനം നൽകും.
ലോകത്തെ 150 നഗരങ്ങളിൽ ഇതിനായി റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലി ലഭിച്ചാൽ വലിയ ആനുകൂല്യങ്ങളാണ് ജീവനക്കാരെ കാത്തിരിക്കുന്നത്. കമ്പനിയുടെ ലാഭവിഹിതം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ,വാർഷിക അവധി, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ ജീവനക്കാർക്ക് ലഭിക്കും.
യു എ ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യം വെച്ച് ദുബായിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുമെന്നും അധികൃതർ അറിയിച്ചു. വിശദമായ വിവരങ്ങൾക്ക് https://www.emiratesgroupcareers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക