മണ്ണുത്തി: കൂട്ടാലയിൽ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരൻ (75) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന് ഭാര്യ നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വിജനമായ പറമ്പിൽ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വയോധികന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂത്തമകൻ സുമേഷിനെ മണ്ണുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് 5.45 ഓടെയാണ് സുന്ദരൻറെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുന്ദരന്റെ ഭാര്യ വീട്ടിനുള്ളിൽ രക്തക്കറ കാണുകയായിരുന്നു. തുടർന്ന് സമീപ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, ഒല്ലൂർ എസിപി സുധീരൻ, മണ്ണുത്തി എസ്എച്ച്ഒ കെ.സി ബൈജു എന്നിവർ സ്ഥലത്ത് എത്തി. കസ്റ്റഡിയിലുള്ള സുമേഷിനെ ചോദ്യം ചെയ്തു വരികയാണ്. ആഭരണങ്ങൾ കൈക്കലാക്കാനാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.