മണ്ണാർക്കാട്: വയോധിക ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അങ്കണവാടിക്കു സമീപം അമ്പലക്കുളം വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളിൽ ഒറ്റക്കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണു സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
മൂന്ന് മണിക്ക് മകൻ രാജൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഫാൻ സ്ഥാപിക്കാനുള്ള ഹുക്കിൽ ഒരു കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കല്യാണിക്കുട്ടിക്ക് വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തരുതെന്ന് എഴുതിയ കത്ത് മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു.














































