ആലപ്പുഴ: വൃദ്ധ മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത് ബാറിൽ നിന്ന്. തങ്കരാജിന്റെ കുടുംബം 30 വർഷമായി മന്നത്ത് വാർഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകൾ മഞ്ജു. മക്കൾ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്നസും ഏറെ താൽപര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമയാവുകയായിരുന്നു. തങ്കരാജിനും മുൻപ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവർ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യിൽ പണമില്ലാതാകുമ്പോൾ മാതാപിതാക്കളോട് പണം ചോദിക്കും. ഇടയ്ക്ക് കാശ് ആവശ്യപ്പെട്ട് സഹോദരിയുടെ വീട്ടിലുമെത്തും.
എന്നാൽ മാതാപിതാക്കളുടെ കയ്യിൽ അധ്യാപികയായ മകൾ കൊടുക്കുന്ന തുക മാത്രമാണ് ഉണ്ടാവുക. ഇതേച്ചൊല്ലി ഇവരുടെ വീട്ടിൽ ബാബു പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ഇന്നലെ രാവിലെ മഞ്ജുവിന്റെ വീട്ടിലെത്തി ബാബു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രാത്രിയോടെ ബാബു വീട്ടിലേക്കു പോകുന്നത് അയൽവാസികൾ കണ്ടു. ഒൻപതിനു ശേഷം വീട്ടിൽ നിന്നു ബഹളവും കരച്ചിലും കേട്ടെങ്കിലും പതിവ് സംഭവമാണെന്നു കരുതി അയൽവാസികൾ കാര്യമാക്കിയില്ല. കുറച്ചുകഴിഞ്ഞ് മാതാപിതാക്കളെ വകവരുത്തിയെന്ന് അയൽവാസികളെ അറിയിച്ച ശേഷം ബാബു സൈക്കിൾ ചവിട്ടിപ്പോയി. രണ്ടുമുറിയുള്ള ചെറിയ വീടിന്റെ തിണ്ണയിലാണ് തങ്കരാജ് കുത്തേറ്റു കിടന്നത്. തൊട്ടടുത്തായി ആഗ്നസും കിടന്നിരുന്നു.
അതേസമയം ബാബുവിനെ കണ്ടെത്താൻ പോലീസിനോടൊപ്പം നാട്ടുകാരും പരിശ്രമിച്ചുകൊണ്ടിരുന്നു. രാത്രി 10.20നാണ് സമീപത്തെ ബാറിൽനിന്ന് ഇയാളെ പിടികൂടിയത്. മന്നത്ത് വാർഡിൽ പനവേലി പുരയിടം വീട്ടിൽ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവർ ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിമപ്പെട്ട മകന്റെ കുത്തേറ്റു മരിച്ചത്. ഇറച്ചിക്കടയിലെ തൊഴിലാളിയായിരുന്ന ബാബു കുറച്ചുകാലമായി വാഴക്കുല കടയിൽ ജോലി നോക്കുകയായിരുന്നു.