കാബൂൾ: അഫ്ഗാൻ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും മറ്റും പെട്ട സ്ത്രീകളിൽ പലരെയും രക്ഷിക്കാനാകാതെ പോയത് താലിബാൻ നിയമംമൂലമെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തകസംഘത്തിലെ എല്ലാവരും പുരുഷന്മാരായതിനാലാണ് ദുരന്ത മുഖത്ത് സ്ത്രീകൾക്കു ജീവൻ വെടിയേണ്ടി വന്നതെന്നും റിപ്പോർട്ട് പറയുന്നു. എത്ര അടിയന്തര സാഹചര്യത്തിലും, വളരെ അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന താലിബാൻ നിയമമാണ് രക്ഷാപ്രവർത്തനത്തിനു തടസമായതെന്ന് രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു.
‘അഫ്ഗാനിൽ ഭൂകമ്പം ഉണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇങ്ങനെയൊരു നിയമം നിലനിൽക്കുന്നതിനാൽ അവർ സ്ത്രീകളുടെ ഭാഗത്തേക്കു നോക്കിയതേയില്ല. രക്ഷപ്പെട്ടെത്തിയ സ്ത്രീകളോട് ഒരു ഭാഗത്തേക്കു മാറിയിരിക്കാനാണ് അവർ നിർദേശം നൽകിയത്. ഭക്ഷണമോ വെള്ളമോ പോലും നൽകാനായില്ല. പുരുഷന്മാർക്കും കുട്ടികൾക്കും ആദ്യംതന്നെ ചികിത്സ നൽകി. പക്ഷേ അപ്പുറത്തിരിക്കുന്ന സ്ത്രീകളെ ആരും ഗൗനിച്ചില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ, പുരുഷന്മാർ മാത്രമുള്ള മെഡിക്കൽ സംഘത്തിന് സ്ത്രീകൾ അപ്രത്യക്ഷരായതുപോലെയായിരുന്നു’’ – രക്ഷാപ്രവർത്തനത്തിന് സ്വയം സന്നദ്ധനായി എത്തിയ തഹ്സീബുല്ല മുഹാസെബ് ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു.
അതേസമയം കഴിഞ്ഞ ഞായർ രാത്രി അഫ്ഗാനിലെ ജലാലാബാദ് നഗരത്തിനു സമീപം കുമാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 2200ൽ അധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു. 3,600 ലേറെപ്പേർക്ക് പരുക്കുണ്ട്. സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കാൻ അനുവാദമില്ലാത്തതിനാൽ വസ്ത്രങ്ങളിലും മറ്റും പിടിച്ചു വലിച്ചു നിരക്കിയാണ് സ്ത്രീകളുടെ മൃതദേഹങ്ങൾ പുറത്തെടുത്തതെന്നും രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു.
പലപ്പോളും സ്ത്രീകളും പെൺകുട്ടികളുമാണ് ഇത്തരം ദുരന്തങ്ങളുടെ തീവ്രത അനുഭവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മുൻതൂക്കം നൽകണമെന്നും യുഎൻ വിമൻ അഫ്ഗാനിസ്ഥാന്റെ പ്രത്യേക പ്രതിനിധി സൂസൻ ഫെർഗുസൻ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. നിയമം അനുസരിച്ച് ഒരു സ്ത്രീയെ സ്പർശിക്കാൻ അനുവാദമുള്ളത് അവരുടെ പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ എന്നിവർക്കു മാത്രമാണ്. ഇവരെയല്ലാതെ മറ്റു പുരുഷന്മാരെ സ്പർശിക്കാൻ സ്ത്രീകൾക്കും അനുവാദമില്ല. അതുപോലെ ദുരന്തബാധിത പ്രദേശങ്ങളിലും മറ്റും പുരുഷന്മാരെ സഹായിക്കാൻ സ്ത്രീകൾ എത്തുന്നതിനും അഫ്ഗാനിൽ നിയന്ത്രണങ്ങൾ ഉണ്ട്.
മാത്രമല്ല അഫ്ഗാനിസ്ഥാനിൽ ആറാം ക്ലാസ് വരെ പഠിക്കാനേ പെൺകുട്ടികൾക്ക് അനുവാദമുള്ളൂ. സർവകലാശാലകളിൽ വനിതാപ്രവേശനം നിരോധിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് സർക്കാർ ജോലികളിലോ, എൻജിഒകളിലോ, യുഎൻ ഏജൻസികളിലോ പോലും ജോലി ചെയ്യാൻ ഈ രാജ്യത്ത് വിലക്കുണ്ട്. വളരെ അടുത്ത പുരുഷ ബന്ധുവിനൊപ്പമല്ലാതെ യാത്ര ചെയ്യാനോ, ആശുപത്രികളിൽ ചികിൽസ തേടാനോ സാധ്യമല്ല. മെഡിക്കൽ വിദ്യാഭ്യാസത്തിനും സ്ത്രീകൾക്കു വിലക്കുള്ളതിനാൽ, വനിതാഡോക്ടർമാരും നഴ്‌സുമാരും അപൂർവമാണ്. കഴിഞ്ഞ വർഷമാണ് മെഡിക്കൽ വിദ്യാഭ്യാസത്തിൽ പെൺകുട്ടികളെ വിലക്കി താലിബാൻ നിയമമുണ്ടാക്കിയത്.