കൊച്ചി: സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡോ. എം ലീലാവതി. വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും ഇതിലും വലിയ വിമര്‍ശനങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ലീലാവതി പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലായിരുന്നു ലീലാവതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.’കുഞ്ഞുങ്ങള്‍ക്ക് ജാതിയും മതവും വര്‍ണവുമില്ല. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണ്.
കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ അച്ഛനമ്മമാര്‍ ആരെന്ന് ഞാന്‍ ആലോചിക്കാറില്ല. അത് എനിക്ക് പ്രസക്തമല്ല’, ലീലാവതി പറഞ്ഞു.’ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്ന തന്റെ 98ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി പറഞ്ഞ വാക്കുകള്‍ക്കെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.
ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നുമാണ് അധിക്ഷേപം. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ രീതിയില്‍ ആക്രമണം നടക്കുകയാണ്.