തിരുവനന്തപുരം: തുറന്നുപറച്ചിൽ നടത്തിയതിൽ ചില ഗുണമുണ്ടായി. ധാരാളം കാര്യങ്ങൾ അന്വേഷണ സമിതിയോട് സംസാരിച്ചിട്ടുണ്ടെന്നു ഡോ. ഹാരിസ്. മാത്രമല്ല താൻ പറഞ്ഞ കാര്യങ്ങൾ ബലപ്പെടുത്തുന്ന തെളിവുകളും അന്വേഷണ സമിതിക്കു മുൻപാകെ നൽകിയെന്നും ഡോ. ഹാരിസ്. മൊഴി നൽകാനായി ഇന്നലെ വൈകിട്ട് 6 മണി വരെ താൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. സഹപ്രവർത്തകരും തന്നെ അനുകൂലിക്കുന്ന മൊഴികളാണ് നൽകിയത്.
കൂടാതെ എന്താണ് തനിക്കു നൽകാനുള്ള നിർദേശങ്ങളെന്ന് അന്വേഷണ സമിതി ചോദിച്ചു. ഇതിനു മറുപടിയായി 4 പേജിൽ തന്റെ നിർദേശങ്ങൾ എഴുതി നൽകി. അന്വേഷണ റിപ്പോർട്ട് നൽകുമ്പോൾ ഇതും കൂട്ടിച്ചേർക്കണമെന്നും താൻ സർവീസിൽ ഇല്ലെങ്കിലും ഇതു നടപ്പാകണമെന്നും അന്വേഷണ സമിതിയോട് പറഞ്ഞിരുന്നുവെന്ന് ഹാരിസ് പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകൾ ഇങ്ങനെ-
‘‘എന്റെ തുറന്നുപറച്ചിലിൽ ഗുണമുണ്ടായി. ധാരാളം കാര്യങ്ങൾ അന്വേഷണ സമിതിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു തെറ്റുപറ്റി. സ്വീകരിച്ച മാർഗം തെറ്റായിരുന്നു. പക്ഷേ എനിക്ക് വേറെ മാർഗമില്ലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുമെന്ന് മാത്രമേ വിചാരിച്ചുള്ളൂ. എന്നാൽ അതിനപ്പുറത്തേക്കു കടക്കുകയും അതിനു കൂടുതൽ മാനങ്ങൾ ലഭിക്കുകയും ചെയ്തു.’’
‘‘ഈ സംഭവത്തിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും എന്നോട് ഒപ്പം നിന്നിട്ടുണ്ട്. അവരാണ് എന്നെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. എന്റെ പോസ്റ്റ് അവർക്കെതിരെ വ്യാഖ്യാനിച്ചത് വിഷമമുണ്ടാക്കി. എനിക്ക് ഭയമില്ല. ഒരു ജോലി അല്ലെങ്കിൽ വേറൊരു ജോലി കിട്ടും. എന്നാൽ സാമാന്യ ജനങ്ങൾക്കു സഹായം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചത്. എന്ത് ശിക്ഷയ്ക്കും ഞാൻ തയ്യാറായി നിൽക്കുകയാണ്. എന്റെ വിഭാഗത്തിന്റെ എല്ലാ ചുമതലകളും താഴെയുള്ള ഡോക്ടർക്ക് നൽകിയിട്ടുണ്ട്. എനിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ല. ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്. ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി.’’
‘‘മാത്രമല്ല സർക്കാർ ഒരിക്കലും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ പോരാട്ടം ബ്യൂറോക്രസിക്കെതിരെയാണ്. അല്ലാതെ സർക്കാരിനെതിരായ പോരാട്ടമല്ല. മുൻപ് പ്രതികരിച്ചതിനും എനിക്ക് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ സത്യസന്ധനായ വ്യക്തിയാണ്. പല സത്യങ്ങളും തുറന്നുപറഞ്ഞപ്പോൾ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. ചെയ്തത് ഗുരുതര തെറ്റാണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. – ഹാരിസ് കൂട്ടിച്ചേർത്തു.