വാഷിങ്ടൻ: യുഎസിനെ കൂടുതൽ അഭിവൃദ്ധിയിലെത്തിക്കാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ഓഹരിവിപണി 1,600 പോയിന്റിലധികം ഇടിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. ഇത് സ്വർണവിലയിലും പ്രതിഫലിച്ചിരിക്കുകയാണ്. സ്വർണം പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയായ 68,480 രൂപയിലാണ് വ്യാപാരം നടന്നതെങ്കിലും ഇന്ന് കുത്തനെ ഇടിയുകയായിരുന്നു. സ്വർണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി.
അതേസമയം 18 കാരറ്റ് സ്വർണം ഗ്രാമിന് 6880 രൂപയും വെള്ളിക്ക് 106 രൂപയിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. രൂപ വളരെ കരുത്തായി 84. 90 ലേക്ക് എത്തിയിട്ടുണ്ട്.
അതേസമയം ഓഹരിവിപണിയുടെ തകർച്ചയെക്കുറിച്ച് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ‘‘വിപണികൾ കുതിച്ചുയരാൻ പോകുന്നു, ഓഹരികൾ കുതിച്ചുയരാൻ പോകുന്നു, രാജ്യം കുതിച്ചുയരാൻ പോകുന്നു. കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ പോലെയായിരുന്നു യുഎസിന്റെ കാര്യങ്ങൾ. ഞങ്ങൾ ആ വലിയ കാര്യം നടപ്പിലാക്കി. ഇത് ഇങ്ങനെയായിരിക്കും നടപ്പിലാക്കുക.’’– ട്രംപ് വ്യക്തമാക്കി.