വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതൽ 100 ശതമാനംവരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.”ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാന്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കിൽ, 2025 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും ഞങ്ങള്‍ 100 ശതമാനം തീരുവ ചുമത്തും” എന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.
ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
മരുന്നുകള്‍ക്ക് നൂറുശതമാനംവരെ തീരുവ പ്രഖ്യാപിച്ചതിന് പുറമേ കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്‌റൂം വാനിറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം തീരുവയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്‌ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, പുതിയ തീരുവകള്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച നിയമവശങ്ങളോ കൂടുതല്‍വിവരങ്ങളോ അദ്ദേഹം പങ്കുവെച്ചിട്ടില്ല.ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ഫാര്‍മ മേഖലയില്‍ 27.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. ഇതില്‍ 31 ശതമാനവും (8.7 ബില്യണ്‍ ഡോളര്‍, ഏകദേശം 77,231 കോടി രൂപ) അമേരിക്കയിലേക്കായിരുന്നു. 2025-26 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മാത്രം 3.7 ബില്യണ്‍ ഡോളറിന്റെ (32,505 കോടി രൂപ) ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്തത്.