ലാഹോർ: ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നെങ്കിലും, ഏഷ്യയിലെ മറ്റേതെങ്കിലും വേദിയിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മാത്രം കളിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്.
‘‘പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കില്ല. പക്ഷേ ഏഷ്യയിലെ മറ്റെവിടെയെങ്കിലുമാകും പാക്കിസ്ഥാന്റെ മത്സരങ്ങൾ. അതു വ്യക്തമാണ്. ഇന്ത്യയിൽ കളിക്കണമെന്ന് ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല.’’– ഗുൽ ഫെറോസ ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.‘‘ശ്രീലങ്കയിലോ, ദുബായിലോ കളിക്കാൻ സാധിക്കുമെന്നാണു ടീം പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാന്റെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ പാക്കിസ്ഥാനിൽ തന്നെയായിരുന്നു. അതിന് അനുസരിച്ചാണ് പിച്ചുകൾ തയാറാക്കിയത്. ലോകകപ്പ് എവിടെ കളിച്ചാലും പാക്കിസ്ഥാനിലേതുപോലുള്ള ഗ്രൗണ്ടാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ തയാറെടുപ്പുകളും അതിന് അനുസരിച്ചാകും.’’– പാക്ക് വനിതാ ക്രിക്കറ്റ് താരം വ്യക്തമാക്കി.
ഈ വർഷം സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലാണ് വനിതാ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. പാക്കിസ്ഥാൻ ലോകകപ്പിനു യോഗ്യത നേടിയതോടെ, മത്സരത്തിനായി ഇന്ത്യയ്ക്കു പുറത്തുള്ള വേദി ബിസിസിഐ കണ്ടെത്തേണ്ടിവരും.