ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ നടുറോഡിൽ കൊലക്കേസ് പ്രതികൾ യുവതിയെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി ഷാലിമാർബാഗ് നിവാസിയും പ്രദേശത്തെ റെസിഡന്റ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റുമായ രചന യാദവ് (44) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.59-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികളാണ് രചന യാദവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
2023-ൽ രചനയുടെ ഭർത്താവ് വിജേന്ദ്ര യാദവിനെ പ്രതികൾ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രധാന സാക്ഷിയാണ് രചന യാദവ്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് രചന യാദവും കൊല്ലപ്പെടുന്നത്. 2023-ൽ വിജേന്ദ്ര യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയാണ് രചനയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നുമാണ് പോലീസ് കരുതുന്നത്. ഭാരത് യാദവ് എന്നയാളടക്കം ആറുപേരായിരുന്നു 2023-ലെ കൊലക്കേസിലെ പ്രതികൾ. വിജേന്ദ്ര യാദവുമായി ഭാരത് യാദവിന് നേരത്തേയുണ്ടായിരുന്ന ശത്രുതയായിരുന്നു കൊലപാതകത്തിന് കാരണം. അതേസമയം, ബാക്കി അഞ്ചുപ്രതികൾ അറസ്റ്റിലായെങ്കിലും മുഖ്യപ്രതിയായ ഭാരത് യാദവ് ഇപ്പോഴും ഒളിവിലാണ്. ഇയാളാണു കൊലയ്ക്കു പിന്നിലെന്ന സംശയത്തിലാണ് പോലീസ്.
വിജേന്ദ്ര യാദവ് കൊലക്കേസിലെ പ്രധാനസാക്ഷിയെ ഇല്ലാതാക്കാനാണ് രചന യാദവിനെയും വകവരുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ശനിയാഴ്ച രാവിലെ 10.59 ഓടെയാണ് ഒരുസ്ത്രീക്ക് വെടിയേറ്റതായി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തിയപ്പോൾ റോഡിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് രചനയെ കണ്ടത്. അയൽക്കാരുടെ വീട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തി കാത്തിരുന്ന രണ്ടുപേർ സ്ത്രീക്ക് നേരേ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.
സ്‌പോർട്‌സ് ബൈക്കിലെത്തി റോഡിൽ കാത്തുനിൽക്കുകയായിരുന്നു അക്രമികൾ. രചന അടുത്തെത്തിയപ്പോൾ ഇവരെ തടഞ്ഞുനിർത്തി അക്രമികളിലൊരാൾ ഇവരുടെ പേര് ചോദിച്ചു. തുടർന്ന് പേര് പറഞ്ഞതിന് പിന്നാലെ അക്രമികൾ രചനയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമികൾ അതേ ബൈക്കിൽ കടന്നുകളഞ്ഞു.
അതേസമയം അച്ഛനെ കൊലപ്പെടുത്തിയവർ തന്നെയാണ് തന്റെ അമ്മയെയും കൊലപ്പെടുത്തിയതെന്ന് വിജേന്ദ്ര- രചന ദമ്പതിമാരുടെ മകൾ കനിക യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ”എന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ ചില പ്രതികൾ തിഹാർ ജയിലിലുണ്ട്. പക്ഷേ, എന്നിട്ടും അവർ കുറ്റകൃത്യങ്ങൾ ആസൂത്രണംചെയ്യുന്നു. അമ്മയുടെ കൊലപാതകം ആസൂത്രണംചെയ്തതും നടപ്പാക്കിയതും ഭാരത് യാദവാണ്. അച്ഛനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിമൊഴിയിൽ ഉറച്ചുനിന്നതിനാലാണ് അമ്മ കൊല്ലപ്പെട്ടത്. അമ്മയുടെ സാക്ഷിമൊഴി കാരണം കേസിൽ ശിക്ഷിക്കപ്പെടുമെന്ന് അവർ ഭയന്നിരുന്നു. അതുകൊണ്ടാണ് എന്റെ അമ്മയും കൊല്ലപ്പെട്ടതെന്നും കനിക യാദവ് പറഞ്ഞു.


















































