ന്യൂഡൽഹി∙ ചെങ്കോട്ട സ്ഫോടനത്തില്‍ ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ഇയാളുടെ പേരിലാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയത്. സ്ഫോടനത്തിനു വേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ടു കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ പറഞ്ഞു. കേസില്‍ ഇതാദ്യമായാണ് അന്വേഷണ ഏജൻസിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.
‘‘ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറയിൽ താമസിക്കുന്ന അമീർ റഷീദ് അലി, ചാവേർ ബോംബറായ ഉമർ ഉൻ നബിയുമായി ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനായാണ് അമീർ ഡൽഹിയിൽ എത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ചത് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസായിരുന്നു. കാറിന്റെ ഡ്രൈവർ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഉമർ നബിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
തെളിവുകൾക്കായി വാഹനം പരിശോധിച്ചുവരികയാണ്. ഡൽഹി പൊലീസ്, ജമ്മു കശ്മീർ പൊലീസ്, ഹരിയാന പൊലീസ്, യുപി പൊലീസ്, വിവിധ ഏജൻസികൾ എന്നിവരുമായുള്ള ഏകോപനത്തോടെയാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനങ്ങളിലുടനീളം അന്വേഷണം തുടരുകയാണ്. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായി തെളിവുകൾ ശേഖരിക്കുകയാണ്’’ – എൻഐഎ വക്താവ് പറഞ്ഞു.
















































