ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണം ഉറപ്പിച്ച് ബിജെപി. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ കുതിപ്പ്. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. അതേസമയം കോൺഗ്രസിന് ഒരു സീറ്റിലും ലീഡ് പിടിക്കാനായില്ല. തുടക്കത്തിൽ ഒരു സീറ്റെങ്കിലും നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ആകെ 70 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 45 സീറ്റുകളിൽ ബിജെപിയും 25 സീറ്റുകളിൽ എഎപിയുമാണ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണൽ തുടങ്ങി മണിക്കൂർ പിന്നിടുമ്പോൾ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്. തുടക്കത്തിൽ ഇടയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന പ്രതീതി സൃഷ്ടിക്കാൻ എഎപിക്ക് കഴിഞ്ഞെങ്കിലും അതിവേഗം ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
അതേസമയം അഴിമതി വിരുദ്ധ പോരാളിയെന്ന കേജരിവാളിൻറെ പ്രതിച്ഛായ തകർത്തുകൊണ്ടാണ് ഡൽഹിയിൽ ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്. എന്നാൽ മുൻ മന്ത്രി മനീഷ് സിസോദി തുടക്കത്തിൽ പിന്നിലേക്ക് പോയെങ്കിലും പിന്നീട് തിരിച്ചുകയറി. ബാദ്ലിയിൽ മാത്രമായിരുന്നു ആദ്യഘട്ടത്തിലെങ്കിലും കോൺഗ്രസിന് ലീഡുണ്ടായിരുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ദേവേന്ദർ യാദവായിരുന്നു ബാദ്ലിയിൽ നിന്ന് ജനവിധി തേടിയത്. എന്നാൽ വോട്ടെണ്ണലിൻറെ അവസാനഘട്ടത്തിൽ ബിജെപിയുടെ ആഹിർ ദീപക് ചൗധരി ലീഡ് നേടുകയായിരുന്നു.
എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
കണ്ണടയും മീശയും എല്ലാം കെജ്രിവാളിനെപ്പോലെ തന്നെ; ഡല്‍ഹിയുടെ ശ്രദ്ധ പിടിച്ചുപറ്റി ‘മിനി കെജ്രിവാള്‍’
19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 2 കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. രണ്ട് മെറ്റൽ ഫ്രെയിം ഡിറ്റക്ടറുകൾ, ഹാൻഡ്-ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേ മെഷീനുകൾ എന്നിവയും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
ഡൽഹിയിൽ ബിജെപി കുതിക്കുന്നു..!! ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി…!!
ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 1.56 കോടി വോട്ടർമാർ, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാർഥികൾക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.