ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ വമ്പൻ കരാറിന് ഒപ്പിടാനൊരുങ്ങി ഇന്ത്യ. ഈ ആഴ്ച തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നൽകാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി നടപടികൾ പൂർത്തിയാക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ*കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS)യുടെ അന്തിമ അനുമതിയും കരാറിന് ആവശ്യമായിരിക്കും. കരാർ പ്രകാരം 18 റഫാൽ വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന് വാങ്ങും. ശേഷിക്കുന്ന 96 യുദ്ധവിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. പരിശീലന ആവശ്യങ്ങൾക്കായി ചില വിമാനങ്ങൾ ഇരട്ട സീറ്റർ (ട്വിൻ സീറ്റർ) വകഭേദങ്ങളായിരിക്കും. അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയുടെ കൈമാറ്റവും തന്ത്രപ്രധാന പങ്കാളിത്തവും കരാറിന്റെ പ്രധാന ഘടകങ്ങളാണ്.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ സേവനത്തിലാണ്. രണ്ട് സ്ക്വാഡ്രണുകളായി വിന്യസിച്ചിരിക്കുന്ന ഇവയിൽ അവസാന ‘സി’ വകഭേദത്തിന്റെ വിതരണം 2024 ഡിസംബറിൽ പൂർത്തിയായി. കൂടാതെ ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ ‘എം’ വകഭേദം വിമാനങ്ങൾ വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ കരാറും ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വിമാനങ്ങൾ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കും.
അതേസമയം നാവികസേനയുടെ കരാറിൽ മെന്റനൻസ്, ലജിസ്റ്റിക്‌സ് പിന്തുണ, ജീവനക്കാരുടെ പരിശീലനം എന്നിവ ഉൾപ്പെടുന്ന എംആർഒ (Maintenance, Repair and Overhaul) ഉടമ്പടിയും ഉൾക്കൊള്ളുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടികളിൽ റഫാൽ യുദ്ധവിമാനങ്ങൾ നിർണായക പങ്കുവഹിച്ചു. പാക്കിസ്ഥാനിലെ കൃത്യമായ ലക്ഷ്യങ്ങൾ തകർക്കാൻ റഫാലുകൾ ഉപയോഗിച്ചിരുന്നു.
റഫാൽ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന സ്കാൽപ് (SCALP) ക്രൂസ് മിസൈലുകൾക്ക് 250 കിലോമീറ്ററിലധികം ദൂരത്തിൽ കൃത്യതയോടെ ആക്രമണം നടത്താൻ കഴിയും. ഇതിന് പുറമെ മീറ്റിയർ ദീർഘദൂര എയർ-ടു-എയർ മിസൈൽ, ഹാമർ സ്റ്റാൻഡ്-ഓഫ് സ്‌ട്രൈക്ക് ആയുധം, സ്പെക്ട്ര (SPECTRA) ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, അത്യാധുനിക റഡാർ-ടാർഗറ്റിംഗ് സംവിധാനങ്ങൾ എന്നിവയും റഫാലിന്റെ ഭാഗമാണ്.
ഇതിനിടെ, കഴിഞ്ഞ വർഷം ജൂണിൽ ഡസോൾട്ട് ഏവിയേഷൻ–ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് തമ്മിൽ പ്രഖ്യാപിച്ച നാല് നിർണായക പ്രൊഡക്ഷൻ ട്രാൻസ്ഫർ കരാറുകൾ ഇന്ത്യയിലേക്കുള്ള റഫാൽ വിമാനങ്ങളുടെ വിതരണ വേഗത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഹൈദരാബാദിൽ അത്യാധുനിക നിർമ്മാണ യൂണിറ്റ് സ്ഥാപിച്ച് റഫാൽ യുദ്ധവിമാനത്തിന്റെ റിയർ ഫ്യൂസലാജ്, സെൻട്രൽ ഫ്യൂസലാജ്, ഫ്രണ്ട് സെക്ഷൻ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ നിർമ്മിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.















































