കരൂർ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.
തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. ആസൂത്രിത അട്ടിമറിയാണ് നടന്നതെന്നു വിജയ്‌യും അശ്രദ്ധ മൂലമുള്ള മനുഷ്യനിർമിത ദുരന്തമെന്നു മറുപക്ഷവും ആരോപിക്കുന്നു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. കോടതിതീരുമാനം വരുംവരെ ജില്ലാ പര്യടനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കു 2 ലക്ഷം രൂപ നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. തമിഴ്നാട് സർക്കാർ കഴിഞ്ഞദിവസം യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വീതം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കായി മൊത്തം ഒരു കോടി രൂപ നൽകുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ബിജെപിയും പ്രഖ്യാപിച്ചു.

















































