ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി. സുധാകരൻ. ‘‘എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ ഒന്നു നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്.’’- ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം.
കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം സംബന്ധിച്ചും രൂക്ഷ ഭാഷയിലായിരുന്നു വിമർശനം. ‘‘ഏതുതരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് അവസ്ഥ. എംഎൽഎയുടെ മകന്റെ കാര്യത്തിൽ ഞാൻ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വാർത്ത വന്നു. എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ. അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്.’’– എന്നും സുധാകരൻ പറഞ്ഞു.
‘‘ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല, ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. എംബിഎ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകർക്കെതിരെ നടപടിയില്ല. ഒരു വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.’’- സുധാകരൻ പറഞ്ഞു.
കൂടാതെ ആരോഗ്യ, വ്യവസായ വകുപ്പുകളുടെ പ്രവർത്തനത്തെയും സുധാകരൻ വിമർശിച്ചു. ‘‘ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്നു മാത്രം പറഞ്ഞു നടന്നിട്ട് കാര്യമില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ല. വീണാ ജോർജ് 5 വർഷത്തേക്കു മന്ത്രിയായ ആളാണ്. അതിനു മുൻപും ആരോഗ്യവകുപ്പ് ഇവിടെയുണ്ടായിരുന്നു.’’ – സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സ്ഥാപനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് വ്യവസായ വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന സുധാകരനാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്.