2024 ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ നേരിട്ട് ജനങ്ങളെ ബോധിപ്പിക്കാനായി മന്ത്രിപ്പടയൊന്നാകെ ഒരു ബസിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും ഓടി നടന്നത് മറന്നിട്ടില്ലല്ലോ. നവകേരള ബസും ജീവൻ രക്ഷാ പ്രവർത്തനവും ഒക്കെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവുമോ അല്ലേ. എന്തായാലും യാത്ര കെങ്കേമമായിരുന്നുവെങ്കിലും ഓപ്പറേഷൻ സക്സസ് രോഗി ഡെഡ് എന്ന രീതിയിലായിരുന്നു അതിന്റെ ഫലം. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ 20 ൽ മരുന്നിനുമാത്രം ഒരെണ്ണമാണ് എൽഡിഎഫിന് കിട്ടിയത്. അതും മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് കഷ്ടിച്ച് നേടിയ ജയം കൊണ്ട്. എംഎൽഎമാരായിരുന്ന കെകെ ഷൈലജയും വി ജോയിയും ഒക്കെ പരാജയം ഏറ്റുവാങ്ങിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. പ്രത്യേകിച്ചും വടകരയിൽ കെകെ ഷൈലജയുടെ ഒരു ലക്ഷത്തിനുമേൽ ഭൂരിപക്ഷത്തിന്റെ ദയനീയ പരാജയം.
കേരള സർക്കാർ ഏപ്രിൽ മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും നവകേരളത്തിന്റെ പേരിൽ യാത്ര തുടങ്ങുകയാണ്. പക്ഷെ മന്ത്രിമാരെ നാട്ടുകാർക്ക് വിശ്വാസമില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്തോ ഇത്തവണ മന്ത്രിമാരും എംഎൽഎമാരും ഒന്നും ഇറങ്ങുന്നില്ല. പകരം കുറേ വോളന്റിയേഴ്സിന് പരിശീലനം നൽകി അവരെയാണ് വീടുവീടാന്തരം പറഞ്ഞു വിടുന്നത്. 10 കൊല്ലത്തെ ഭരണമികവ് കൊണ്ട് ചെന്നാൽ പ്രതികരണം എത്തരത്തിലാവുമെന്ന ആശങ്ക മുഖ്യനുണ്ടെന്ന് സാരം. കർമ്മസേനാംഗങ്ങൾ എന്ന് പേരിട്ട കുറേ പാവങ്ങൾക്കാണ് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം എന്ന പേരിലുള്ള ഈ പരിപാടിയിലൂടെ ഭരണ മികവിന്റെ പ്രതികരണം ഏറ്റുവാങ്ങാനുള്ള വിധി.
ഇതിന്റെ പ്രചരണ വീഡിയോ ഇതിനകം തന്നെ പബ്ലിക് റിലേഷൻ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഈ പുതിയ പ്രോഗ്രാമിനെക്കുറിച്ച് മുമ്പ് സിപിഎം ചേരിയിലുണ്ടായിരുന്ന ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റ് ഇങ്ങനെ
നവകേരളം സർവേ സിപിഎം പ്രചരണത്തിന് : ചെറിയാൻ ഫിലിപ്പ്
ഇരുപതു കോടി രൂപ മുടക്കി കേരള സർക്കാർ നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സി.പി.എം ൻ്റെ രാഷ്ടീയ പ്രചരണത്തിനുള്ള ഒരു ഉപാധിയായി മാത്രമാണ്. സർവേ നടത്തുന്നതിന് 85000 പേരുടെ സന്നദ്ധ സേനയെ തെരഞ്ഞെടുത്തത് സി.പി.എം പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വളരെ പിന്നോട്ടു പോയ സി.പി.എം – ൻറ ജനസമ്പർക്ക പരിപാടിയാണ് സർക്കാർ ചെലവിൽ നടത്തുന്നത്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടുന്ന ലഘുലേഖ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നു. ജനാഭിപ്രായം സമാഹരിക്കുന്ന വസ്തുനിഷ്ടമായ സർവേ നടത്തിയാൽ അത് കേരളത്തിലെ വികസന തകർച്ചയെക്കുറിച്ചുള്ള കുറ്റപത്രമായിരിക്കും. അതിദാരിദ്യ മുക്ത കേരളം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തിയത് വ്യാജ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്.
എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ലൈഫ്, ആർദ്രം വിദ്യാഭ്യാസയജ്ഞം, ഹരിതകേരളം, റീബിൽഡ് കേരളം എന്നീ മിഷനുകളെ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി. വിദേശ നിക്ഷേപ സമാഹരണത്തിന് ലോക കേരളസഭ, ആഗോള നിക്ഷേപ സംഗമം തുടങ്ങിയ മേളകൾ നടത്തിയെങ്കിലും വ്യവസായ നിക്ഷേപം ധാരണാപത്രങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. കാർഷിക മേഖലയിൽ ഉല്പാദനത്തിലും ഉല്പാദന ക്ഷമതയിലും കേരളം റിവേഴ്സ് ഗീയറിലാണ്. ഗുരുതരമായ വിദ്യാഭ്യാസ നിലവാര തകർച്ച മൂലം വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നു, സർക്കാർ ആശുപത്രികൾ ഈജിയൻ തൊഴുത്തായതിനാൽ മഹാഭൂരിപക്ഷം കേരളീയരും ചികിത്സ ചൂഷണമാക്കിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. വമ്പിച്ച പ്രതീക്ഷയായിരുന്ന ഐ.ടി, ടൂറിസം മേഖലകൾ തകർന്നു തരിപ്പണമായി
കേരളത്തിൻ്റെ സഞ്ചിത പൊതു കടം അഞ്ചു ലക്ഷം കോടി രൂപയായെങ്കിലും എടുത്തു പറയത്തക്ക വികസന സംരംഭങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ. റെയിൽ വെറും പ്രചരണ തട്ടിപ്പായിരുന്നു. കെ. ഫോൺ മിക്കയിടത്തും ഉപയോഗ ക്ഷമമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ഭീമമായ നഷ്ടത്തിലാണ്. ധനസമാഹരണത്തിന് സർക്കാർ കണ്ടെത്തിയ കിഫ്ബി ഒരു വെള്ളാനയായി മാറി.















































