തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിൽ തീരുമാനമാകാത്തതിനാൽ ഒരേ വാർഡിൽ ഒരു മുന്നണിയിലെ രണ്ട് സ്ഥാനാർത്ഥികൾ. തൃശൂർ കുഴൂർ പഞ്ചായത്തിലെ തിരുത്ത പതിനൊന്നാം വാർഡിലാണ് സിപിഐയും സിപിഐഎമ്മും വെവ്വേറേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായി ഒരാളെ ധാരണയാകാത്ത സാഹചര്യത്തിലാണ് ഇരു പാർട്ടികളും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കോബാണ് സിപിഐഎമ്മിന്റെ സ്ഥാനാർഥി. എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് രമ്യാ ശ്രീജേഷാണ് സിപിഐയുടെ സ്ഥാനാർഥി. ഇരു സ്ഥാനാർഥികളും സാമൂഹ്യമാധ്യമങ്ങളിലൂടെയും വീടുകൾ കയറിയും വോട്ട് അഭ്യർത്ഥിച്ചുതുടങ്ങി. ഷിജി യാക്കോബ് സിപിഐഎം നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വീടുകളിലെത്തി വോട്ട് അഭ്യർത്ഥന തുടങ്ങി. രമ്യാ രാജേഷിന്റെ പോസ്റ്ററുകൾ വാർഡിലുടനീളം പ്രചരിപ്പിക്കുകയാണ് സിപിഐ നേതാക്കൾ.

















































