തിരുവനന്തപുരം:പിഎം ശ്രീ കരാറില്‍ ഒന്നും പറയാതെ ഒപ്പിട്ട സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനുള്ള കത്തിന്റെ പേരു പറഞ്ഞു പറ്റിക്കുകയാണോ എന്ന സംശയത്തില്‍ സിപിഐ. പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നാലെ സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ) പദ്ധതിക്കുള്ള ആദ്യഗഡുവായ 92.41 കോടി രൂപ കേന്ദ്രം ഇന്നലെ നല്‍കുക കൂടി ചെയ്തതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പിഎം ശ്രീ തല്‍ക്കാലം മരവിപ്പിക്കുമെന്നും നിബന്ധനകളില്‍ ഇളവു വേണമെന്നും കാണിച്ച് കേന്ദ്രത്തിനു കത്തയയ്ക്കുമെന്നു പറഞ്ഞാണ് സര്‍ക്കാരും സിപിഎമ്മും സിപിഐയുടെ പ്രതിഷേധം തണുപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാങ്കേതികത്വത്തിന്റെ പേരില്‍ ഇതുവരെ കേന്ദ്രത്തിനു കത്തയയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയാറായിട്ടില്ല. ഇക്കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഉന്നയിക്കുമെന്നാണു സൂചന.
കഴിഞ്ഞ ആഴ്ച മന്ത്രിസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ സിപിഐ പ്രതിഷേധം ശക്തമാക്കിയതോടെയാണ് മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷം പദ്ധതി തല്‍ക്കാലം മരവിപ്പിക്കാനും കേന്ദ്രത്തിനു കത്തയയ്ക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ അയഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും തല്‍ക്കാലം പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിക്കും ചെയ്തു. കത്തിന്റെ കരട് മുഖ്യമന്ത്രി കണ്ട ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.വാസുകിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാത്തതിലാണ് സിപിഐക്ക് അതൃപ്തിയുള്ളത്.
അതേസമയം, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയാലുടന്‍ കത്തയയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കത്ത് അയയ്ക്കാത്തതില്‍ സിപിഐക്ക് അതൃപ്തിയൊന്നും ഇല്ല. അവരുടെ മന്ത്രിമാരുമായി ഇന്നലെയും സംസാരിച്ചിരുന്നു. അങ്ങനെ വിഷമമൊന്നും ഉള്ളതായി തോന്നിയില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രശ്‌നം അല്ലല്ലോ അത്. എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
















































