ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം അതി രൂക്ഷമായ സാഹചര്യത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ച സംവിധായകൻ ഒടുവിൽ മാപ്പ് പറഞ്ഞു. തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക വിമർശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലായിരുന്നു സംവിധായകൻ ഉത്തം മഹേശ്വരി മാപ്പ് പറഞ്ഞത്.
താൻ സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ലെന്നാണ് ഉത്തം മഹേശ്വരി നൽകുന്ന വിശദീകരണം. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്തോടും സൈനികരോടുമുള്ള സ്‌നേഹവും ബഹുമാനവും അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാപ്പപേക്ഷയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നന്ദിയും സംവിധായകൻ അറിയിച്ചു. ഈ ധീരമായ നേതൃത്വത്തിന് നന്ദി എന്നായിരുന്നു ഉത്തം പറഞ്ഞത്.
അതേസമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ സിനിമ പ്രഖ്യാപിച്ച സമയം ശരിയല്ലെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. രാജ്യത്തിന്റെ രക്ഷയ്ക്കായി സൈനികർ അതിർത്തിയിൽ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്നും ഉത്തം മഹേശ്വരിക്കെതിരെ വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്. നിക്കിവിക്കി ബഗ്നാനി ഫിലിംസും കണ്ടന്റ് എൻജിനീയറും ചേർന്ന് ചിത്രം നിർമിക്കുമെന്നായിരുന്നു സംവിധായകൻ അറിയിച്ചിരുന്നത്.