മുംബൈ: ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ വിൽപത്രത്തെച്ചൊല്ലി വീണ്ടും വിവാദം. ഏക്നാഥ് ഷിന്ദേ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം പുതിയ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. ബാൽ താക്കറെയുടെ മരണശേഷം, വിൽപത്രത്തിൽ വിരലടയാളം പതിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചുവെന്ന് കദം ആരോപിച്ചു.
ബാൽ താക്കറെയെ ചികിത്സിച്ച ഡോക്ടറാണ് ഈ വിവരം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ടാണ് കദം രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ കദം പ്രതികരണം ആവശ്യപ്പെടുകയും വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്തു. വർഷങ്ങളോളം താൻ നിശബ്ദത പാലിച്ചെന്നും എന്നാൽ ഉദ്ധവ് പക്ഷം തന്റെ മകനെ അനാവശ്യമായി ഉന്നമിടുന്നതിനാലാണ് ശബ്ദമുയർത്താൻ തീരുമാനിച്ചതെന്നും കദം പറഞ്ഞു.
ബാൽ താക്കറെയുടെ മകൻ ജയ്‌ദേവ് മുൻപ് വിൽപത്രത്തെ ചോദ്യം ചെയ്തുകൊണ്ട് കേസ് നൽകിയിരുന്നു. വിൽപത്രം തയ്യാറാക്കുമ്പോൾ ഉദ്ധവ് അനാവശ്യ സ്വാധീനം ചെലുത്തിയെന്നും പിതാവിന് മാനസിക സുസ്ഥിരത ഉണ്ടായിരുന്നില്ലെന്നും ജയ്‌ദേവ് അന്ന് ആരോപിച്ചു. പക്ഷെ പിന്നീട് ജയ്‌ദേവ് കേസ് പിൻവലിക്കുകയും ചെയ്തു. ഭാര്യയുടെ പേരിൽ ഡാൻസ് ബാർ നടത്തുകയും സ്ത്രീകളെക്കൊണ്ട് നൃത്തം ചെയ്യിച്ച് പണം സമ്പാദിക്കുകയും ചെയ്ത ഒരാളുടെ ആരോപണങ്ങളെ തങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഉദ്ധവ് പക്ഷത്തുള്ള എംഎൽഎ ഭാസ്കർ ജാദവ് കദമിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.