കോഴിക്കോട്: പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരെ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം ഉന്നയിച്ചതെന്നു കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയിൽ പറയുന്നു. സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ അധിക്ഷേപത്തിൽ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം.
യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. അതുപോലെ യൂത്ത് കോൺഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ ആരോപണത്തിലുറച്ച് നിൽക്കുകയാണ് സുരേഷ് ബാബു. സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ ആണ് ഷാഫി പറമ്പിലെന്നാണ് കഴിഞ്ഞദിവസം സുരേഷ് ബാബു ആരോപിച്ചത്.