കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ യുവാവിനെ കാഞ്ഞങ്ങാട്ടേയ്ക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ കാഞ്ഞങ്ങാട്ടു കാരിയായ 17 വയസ്സുള്ള പെണ്‍കുട്ടി, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മല്‍ അര്‍ഷാദ്(28), എ കെ അബ്ദുല്‍ കലാം (52) എന്നിവരെ ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.
പരാതിക്കാരനുമായി ഫോണ്‍ വഴി സൗഹൃദം നടിച്ചാണ് കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തിയതെന്നു പറയുന്നു. യുവാവിനെ ഒരു വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയ ശേഷം കൂട്ടാളികളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിക്കൊപ്പമുള്ള നിരവധി അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
കൈയില്‍ പണമില്ലെന്നു പറഞ്ഞ് പരാതിക്കാരന്‍ സംഘത്തെ തന്ത്രപൂര്‍വ്വം ചക്കരക്കല്ലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയാണ് സംഘത്തെ പിടികൂടിയത്.














































