തിരുവനന്തപുരം: സ്കൂളിൽ വച്ച് ഉണ്ടായ തർക്കം ഏറ്റെടുത്ത് പിടിഎ പ്രസിഡൻ്റായ അപ്പനും മക്കളും. സ്കൂളിനകത്തുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിന് പുറത്ത് വച്ച് വിദ്യാർഥിയെ മടൽ കൊണ്ട് മർദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാടിൽ അൻസിൽ (16) നാണ് മർദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ ഹയർസെക്കൻ്ററി സ്കൂളിൻ്റെ മുൻവശത്ത് വച്ചാണ് മർദ്ദനമുണ്ടായത്.
ഏതാനും ദിവസം മുൻപ് സ്കൂളിലെ പ്ലസ് വൺ- പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അൻസിലിനെ, സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഫാരിസും, സഹോദരൻ പ്ലസ് ടു വിദ്യാർഥിയായ ആസിഫും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
പിന്നാലെ ഫാരിസിൻറെ പിതാവായ ഷംനാദ് മടൽ കൊണ്ട് അൻസിലിനെ മർദ്ദിച്ചു എന്നാണ് പരാതി. തുടർന്ന് അൻസിൽ വിതുര ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഫാരിസും ഷംനാദും അൻസിലും തമ്മിൽ സ്കൂളിൽ വച്ച് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാരിസും അൻസിലിന് എതിരെ പരാതി നൽകി. അൻസിൽ റാഗിംങ് ചെയ്തു എന്നാണ് ഫാരിസ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇരുവരുടെയും പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.