തൃശൂർ: ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് ആരോപണം.
ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ വീഡിയോയിലെ പരാമർശങ്ങളാണ് വിവാദമായത്. ഗുരുവായൂരിലെയും മലപ്പുറത്തെയും സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് വർഗീയ ചുവയുള്ള പ്രസ്താവനകൾ നടത്തിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്നും ഇടത്-വലത് മുന്നണികൾ ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ഇവിടെ പരിഗണിക്കുന്നില്ലെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ ആരോപിക്കുന്നു. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള മണ്ഡലമായിട്ടും കഴിഞ്ഞ 50 വർഷമായി ഹിന്ദു പ്രതിനിധി ഇല്ലാത്തത് ബോധപൂർവമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയത്. മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതി. ഗോപാലകൃഷ്ണൻ ക്ഷേത്ര പരിസരത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചെന്നും ഇത് ചട്ടലംഘനം ആണെന്നും കാട്ടി ടെമ്പിൾ പൊലീസിലും പരാതി.












































