തിരുവനന്തപുരം: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനില്‍ ജീവനൊടുക്കിയ സംഭവത്തിൽ കന്റോണ്‍മെന്റ എസിപി അന്വേഷണം നടത്തും. അനില്‍ വലിയ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ പൂജപ്പുര പൊലീസില്‍ മൊഴി നല്‍കി. സൊസൈറ്റിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞത് അനില്‍കുമാര്‍ തന്നെയാണെന്ന് പരാതിക്കാരിയായ വല്‍സല വെളിപ്പെടുത്തി. സ്‌റ്റേഷനിലേക്കു പോകാന്‍ ഓട്ടോയ്ക്കു പണം നല്‍കിയതും അനില്‍കുമാര്‍ ആയിരുന്നുവെന്ന് വല്‍സല പറഞ്ഞു. ജീവനൊടുക്കുന്നതിനു പത്തു ദിവസം മുന്‍പാണ് പരാതി നല്‍കാന്‍ അനില്‍ കുമാര്‍ പറഞ്ഞതെന്നും വല്‍സല പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്നും അനില്‍കുമാര്‍ വല്‍സലയോടു പറഞ്ഞിരുന്നു. പൊലീസുകാര്‍ അനില്‍കുമാറിനോടു മോശമായി പെരുമാറിയിട്ടില്ലെന്നും വല്‍സല പറഞ്ഞു. അനിലിന്റെ ആത്മഹത്യക്കു പിന്നാലെ ആരോപണ, പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും രംഗത്തു വന്നിരുന്നു. സിപിഎം കൗണ്‍സിലറുടെ അഴിമതി മറയ്ക്കാന്‍ തിരുമല അനിലിനെ പൊലീസ് ബലിയാടാക്കിയെന്നും പൊലീസിന്റെ സമ്മര്‍ദം മൂലമാണ് അനില്‍ ജീവനൊടുക്കിയതെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
അതേസമയം, അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തില്‍നിന്നു ബിജെപി നേതാക്കളും പ്രവര്‍ത്തകരും കോടിക്കണക്കിനു രൂപ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതെ സംഘത്തെയും അനിലിനെയും സാമ്പത്തികബാധ്യതയിലേക്കു തള്ളിവിടുകയുമാണുണ്ടായതെന്ന് സിപിഎം ആരോപിക്കുന്നു. 11 കോടി രൂപ സംഘത്തില്‍നിന്ന് വായ്പയായി നല്‍കിയിട്ടുണ്ടെന്നും സ്ഥിരനിക്ഷേപം ഉള്‍പ്പെടെ 6 കോടി രൂപയുടെ ബാധ്യതയുണ്ടെന്നുമാണ് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. അനില്‍ 12 വര്‍ഷമായി സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. വന്‍തുക വായ്പയെടുത്തവര്‍ ഉള്‍പ്പെടെ കോവിഡിനു ശേഷം തിരിച്ചടവില്‍ വീഴ്ചവരുത്തി. സ്ഥിരനിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കുന്ന സാഹചര്യവുമുണ്ടായി.
ഇത് സംഘത്തെ പ്രതിസന്ധിയിലാക്കിയെന്നാണു സൂചന. നിക്ഷേപകര്‍ക്ക് പറഞ്ഞ സമയത്ത് പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ അനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി. പാര്‍ട്ടി പരിപാടികളില്‍ നിറഞ്ഞുനിന്ന അനില്‍ പൊടുന്നനെ പിന്‍വലിഞ്ഞു. കൗണ്‍സില്‍ യോഗങ്ങളില്‍ സ്ഥിരമായി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന അദ്ദേഹം നിശ്ശബ്ദനായി മാറി. അനിലിന്റെ മരണത്തിനു പിന്നാലെ സംഘത്തില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത പാര്‍ട്ടി അനുഭാവികള്‍ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.