കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് മർദനത്തിൽ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെൻഷനിലൊതുക്കരുതെന്ന് പരാതിക്കാരി. അയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും മർദനമേറ്റ ഷൈമോളും ഭർത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പോലീസിൻറെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾക്കെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. ഇതുകാണിച്ച് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഷൈമോൾ ഹർജി നൽകി. ഇതിൽ വിശദമായ വാദം കേൾക്കാൻ ഹർജി ജനുവരി 17ന് പരിഗണിക്കും.
അതേസമയം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ നടപടിയെടുത്തത്. വ്യക്തമായ ദൃശ്യങ്ങൾക്കപ്പുറം പ്രതാപചന്ദ്രനെതിരെ മറ്റൊരു തെളിവ് ആവശ്യമില്ലായിരുന്നു. ഒരു വർഷത്തിലേറെയായി താൻ അനുഭവിച്ചെന്നും സ്ത്രീയെന്ന നിലയിൽ അപമാനിതയായെന്നും ഷൈമോൾ പറഞ്ഞു.
എന്നാൽ പോലീസ് സ്റ്റേഷനകത്ത് കയറിവന്ന് കൈക്കുഞ്ഞുങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാൻ ശ്രമിച്ചപ്പോളാണ് ഇടപെട്ടതെന്നുമായിരുന്നു സസ്പെൻഷന് മുൻപ് പ്രതാപചന്ദ്രൻറെ വിശദീകരണം. ഇതിനെ ന്യായീകരിക്കാൻ സ്റ്റേഷനിലെ മറ്റ് ചില സിസിടിവി ദൃശ്യങ്ങൾ പോലീസും പുറത്തുവിട്ടു. ഇതിൽ ബെഞ്ചോയെ സ്റ്റേഷനകത്തേക്ക് കൊണ്ടുപോകുന്നതും പിന്നാലെ കൈക്കുഞ്ഞുങ്ങളുമായി ഷൈമോൾ സ്റ്റേഷനിലേക്ക് വരുന്നതും കാണാം. റിസപ്ഷനിൽ നിന്ന് സംസാരിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്ന ഷൈമോളെ വനിതാ പോലീസുകാർ പിടിച്ചുവയ്ക്കുന്നതും ദൃശ്യത്തിലുണ്ട്.
സംഭവത്തിൽ ഷൈമോൾക്കെതിരെ ജുവനൈൽ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നു. അതിൽ വിചാരണ കോടതി നടപടികൾ ഇന്നും തുടർന്നു. ഇതിനിടെ ഹൈക്കോടതി ഇടപെട്ടാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രതാപചന്ദ്രനെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകാനാണ് കുടുംബത്തിൻറെ തീരുമാനം. അതേസമയം ഇന്നലെ രാത്രിയാണ് ദക്ഷിണ മേഖല ഐജി അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനെ സസ്പൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്.

















































