കൊളംബിയ: വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ സ്വന്തം രാജ്യത്തുകയറി പിടിച്ചുകൊണ്ടുപോയതുപോലെ തന്നെയും കൊണ്ടുപോകാൻ ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വന്നെന്നെ പിടിക്കു, ഞാനിവിടെ നിങ്ങളേയും കാത്തിരിക്കുകയാണെന്നും ഗുസ്താവോ പറഞ്ഞു.
യുഎസ് ബോംബിട്ടാൽ കൊളംബിയയിലെ സാധാരണക്കാരായ കർഷകർ മലനിരകളിൽ ആയിരക്കണക്കിന് ഗറില്ല പോരാളികളായി മാറും. ജനങ്ങൾ നെഞ്ചേറ്റുന്ന പ്രസിഡന്റിനെ തൊട്ടാൽ ഈ നാട്ടിലെ ജനതയുടെ പോരാട്ടവീര്യം അഴിച്ചുവിടുമെന്നും ഗുസ്താവോ മുന്നറിയിപ്പ് നൽകി. ‘ഇനിയൊരിക്കലും ആയുധം തൊടില്ലെന്ന് ഞാൻ സത്യം ചെയ്തതാണ്. പക്ഷേ, എന്റെ മാതൃഭൂമിക്കുവേണ്ടിയാണെങ്കിൽ, ഞാൻ വീണ്ടും ആയുധമേന്തും’ – തൊണ്ണൂറുകളിൽ ഗറില്ലാ പോരാട്ടം അവസാനിപ്പിച്ച് ജനാധിപത്യപാതയിലേക്ക് മടങ്ങിയ ഇടതുപക്ഷ നേതാവ് കൂടിയായ പെട്രോ പറഞ്ഞു. അതേസമയം അടുത്ത ലക്ഷ്യം കൊളംബിയയെന്ന സൂചന നൽകി അമേരിക്കയും രംഗത്തെത്തി.
വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ, കൊളംബിയ ഭരിക്കുന്നതും യുഎസിലേക്ക് മയക്കുമരുന്ന് വിൽക്കുന്ന ഒരു വ്യക്തിയാണെന്ന് ട്രംപ് പറഞ്ഞു. കൊക്കെയ്ൻ നിർമിക്കാനും അവ യുഎസിലേക്ക് വിൽപ്പന നടത്താനും ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ് ഇതിന് പിന്നിലെന്നും അവൻ അധികകാലം ഇത് ചെയ്യില്ലെന്നും ട്രംപ് സൂചന നൽകിയിരുന്നു. കൊളംബിയയ്‌ക്കെതിരേ ഒരു ഓപ്പറേഷൻ നടത്തുന്നത് നന്നാവുമെന്നാണ് തന്റെ തോന്നലെന്നും ട്രംപ് കൂട്ടിച്ചേർത്തു. പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കിടയിലുള്ള ബന്ധം വഷളായത്.
രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഭീഷണികളോ ബലപ്രയോഗമോ അസ്വീകാര്യമായി കണക്കാക്കുന്നുവെന്ന് കൊളംബിയയുടെ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രസ്താവനയിൽ പ്രതികരിച്ചു. സംഭാഷണം, സഹകരണം, പരസ്പര ബഹുമാനം എന്നിവ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ഒക്ടോബറിൽ അനധികൃത മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ട്രംപ് പെട്രോയ്ക്കും കുടുംബാംഗങ്ങൾക്കും ഉപരോധമേർപ്പെടുത്തിയിരുന്നു.ലോകത്തെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദക രാജ്യമാണ് കൊളംബിയ. പെറു, ബൊളീവിയ, കൊളംബിയ എന്നിങ്ങനെ പ്രധാനമായും മൂന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് കൊക്കെയ്ൻച്ചെടി പ്രധാനമായും കൃഷി ചെയ്യുന്നത്.
ഇതിനിടെ ഓഗസ്റ്റിൽ തന്നെ പിടികൂടാൻ ധൈര്യമുണ്ടെങ്കിൽ വരാൻ ട്രംപിനെ മഡുറോ വെല്ലുവിളിച്ച ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടു. മിറാഫ്‌ളോറസിലെ കൊട്ടാരത്തിൽ കാത്തിരിക്കുമെന്നും ഭീരു വരാൻ വൈകരുതെന്നും മഡുറോ വീരവാദം മുഴക്കിയിരുന്നു. ഇതിന് മറുപടിയായി മഡുറോയുടെ പരിഹാസവും അറസ്റ്റ് ദൃശ്യങ്ങളും ഉൾപ്പെടുത്തി വൈറ്റ് ഹൗസും ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.















































